
കോഴിക്കോട്: കോഴിക്കോട്ടെ പ്രളയ ഫണ്ട് (Flood Fund) തട്ടിപ്പ് പുറത്തുവന്നതോടെ ജില്ലയിലെ പ്രളയബാധിതര്‍ (Flood affected) ഇനിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ്. കോഴിക്കോട് (Kozhikode) താലൂക്കില്‍ മാത്രം ആയിരത്തിലധികം പേർക്കാണ് അടിയന്തര സഹായം ലഭിക്കാനുള്ളത്. ഒരുകോടി പതിനേഴ് ലക്ഷം രൂപയാണ് വിതരണം ചെയ്യാതെ ട്രഷറി അക്കൗണ്ടില്‍ കിടക്കുന്നതെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍.
പ്രളയത്തില്‍ വീടിനകത്ത് മുട്ടറ്റം വെള്ളം കയറി ദിവസങ്ങളോളം മാറി താമസിച്ചവരാണ് മാവൂർ പാറക്കല്‍ സ്വദേശി ഉണ്ണിമൊയ്തീനും കുടുംബവും. അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിക്കാനായിഭാര്യ സജ്നയടക്കം സർക്കാർ ഓഫീസുകൾ നിരന്തരം കയറിയിറങ്ങി, മുഖ്യമന്ത്രിക്കടക്കം നിവേദനം നല്‍കി കാത്തിരുന്നു പക്ഷേ പണം മാത്രം ഇതുവരെ അക്കൗണ്ടിലെത്തിയില്ല.
2018ലും 2019ലുമുണ്ടായ പ്രളയങ്ങളില്‍ കനത്ത നാശമുണ്ടായ കോഴിക്കോട് താലൂക്കിലെ പല കുടുംബങ്ങൾക്കും അടിയന്തര ധനസഹായം ഇനിയും കിട്ടിയിട്ടില്ല. ഇവര്‍ക്കായി അനുവദിച്ച തുകയാണ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ വകമാറ്റിയത്.
കോഴിക്കോട്ടെ പ്രളയ ധനസഹായ വിതരണത്തിൽ വൻതട്ടിപ്പെന്ന് സീനിയർ ഫിനാൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്
2018-ലെ പ്രളയ ദുരിതബാധിതർക്ക് സഹായധനം വിതരണം ചെയ്തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കുന്നതാണ് തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്. തുടർനടപടിക്കായി റിപ്പോർട്ട് കോഴിക്കോട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരിക്കുകയാണ്. സംഭവിച്ചത് ഗുരുതര അനാസ്ഥയാണെന്നും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ നടപടി വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
2018-ൽ അടിയന്തര ധനസഹായമായ പതിനായിരം രൂപ പ്രളയബാധിതർക്ക് വിതരണം ചെയ്തതിൽ ഗുരുതര അനാസ്ഥ സംഭവിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു അകൗണ്ടിലേക്ക് 9 തവണ വരെ തുക കൈമാറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തിര ധനസഹായ തുക ഒരേ അകൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. 53 ലക്ഷം രൂപ ഈയിനത്തിൽ നഷ്ടപ്പെട്ടെന്നും ഇത് തിരിച്ചു പിടിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam