കോഴിക്കോട് കൂട്ട ബലാത്സംഗം; ലോഡ്ജ് നടത്തിപ്പുകാര്‍ക്കെതിരെയും അന്വേഷണം, പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍

By Web TeamFirst Published Sep 11, 2021, 12:18 AM IST
Highlights

 പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളില്‍ നിന്നടക്കം പരാതി ഉയർന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കാനാണ് പൊലീസിന്‍റെ തീരുമാനം. സംസ്ഥാനത്തിന് തന്നെ അപമാനമായി മാറിയിരിക്കുകയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം

കോഴിക്കോട്: കോഴിക്കോട് യുവതി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ പിടിയിലാകാനുള്ള പ്രതികൾക്കായി തെരച്ചില്‍ ഊർജിതമാക്കി പൊലീസ്. അത്തോളി സ്വദേശികളായ രണ്ട് പേരാണ് ഇനി പിടിയിലാകാനുള്ളത്. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ട് ഇന്ന് ലഭിക്കും. പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളില്‍ നിന്നടക്കം പരാതി ഉയർന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

സംസ്ഥാനത്തിന് തന്നെ അപമാനമായി മാറിയിരിക്കുകയാണ് കോഴിക്കോട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം. കൊല്ലം സ്വദേശിയായ യുവതിയെ(32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് പീഡനം നടന്നത്. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. ഇനി പിടിയിലാകാനുള്ള രണ്ട് പേര്‍ക്കായാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

നടന്നത് ക്രൂര പീഡനമെന്ന് എസിപി കെ സുദർശൻ ഏഷ്യാനെറ്റ് ന്യുസിനോട് വ്യക്തമാക്കി. അജ്നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്ലാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ സുദർശൻ പറഞ്ഞു. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!