Latest Videos

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; നാല് പേ‍ർ കസ്റ്റഡിയിൽ

By Web TeamFirst Published Feb 14, 2021, 9:46 PM IST
Highlights

പ്രവാസി വ്യാപാരിയായ അഹമ്മദിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന സൂചനയാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്നത്...

കോഴിക്കോട്: തുണേരി മുടവന്തേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ചോദ്യം ചെയ്യാനായി നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം ,കണ്ണൂര്‍ സ്വദേശികളെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

പ്രവാസി വ്യാപാരിയായ അഹമ്മദിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന സൂചനയാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്നത്. ഇന്ന് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ അഹമ്മദിന്‍റെ ഭാര്യയുടേയും കുട്ടികളുടേയും മൊഴി രേഖപ്പെടുത്തി. വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ പുലര്‍ച്ചെ അ‍ഞ്ചുമണിയോടെ മുടവന്തേരിയിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകും വഴിയാണ് പ്രവാസി വ്യാപാരിയായ അഹമ്മദിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ബന്ധുക്കള്‍ ആറ് മണിക്ക് മുന്‍പ് തന്നെ നാദാപുരം പൊലീസില്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് പരാതിയുണ്ട്.  ആദ്യം മാന്‍ മിസ്സിങ്ങിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

അഹമ്മദിന്‍റെ സഹോദരന് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം  വന്നതോടെയാണ് പൊലീസ് കേസ് ഗൗരവമായി പരിഗണിച്ചത്. നാട്ടുകാരുടെ സമ്മര്‍ദ്ദവും പ്രതിഷധവും ഉണ്ടായ ശേഷം മാത്രമാണ് പൊലീസ് തട്ടിക്കൊണ്ട് പോകല്‍ വകുപ്പില്‍ ക്രിമിനല്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നത് തുടരുകയാണെന്നും നാട്ടുകാർ പറയുന്നു. 

പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചു. അഹമ്മദിനെ മോചിപ്പിക്കും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ജനകീയ സമിതിയുടെ തീരുമാനം.

click me!