
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടര്‍ക്ക് പിഴവ് ഉണ്ടായെന്ന് മെഡിക്കല്‍ ബോര്‍ഡ്. ഡോക്ടര്‍ ബിജോൺ ജോൺസന് ചികിത്സാ പിഴവ് സംഭവിച്ചെന്ന റിപ്പോർട്ട് പൊലീസിന് കൈമാറി. ഡോക്ടർക്ക് നോട്ടീസ് അയച്ച് കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും.കഴിഞ്ഞ മാസം 16നായിരുന്നു ചെറുവണ്ണൂർ സ്വദേശിയായ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത്. വീട്ടുകാരുടെ പരാതിയിൽ മെഡിക്കൽ നെഗ്ലിജൻസ് ആക്റ്റ് പ്രകാരം സർജറി നടത്തിയ ഡോക്ടർ ബിജോൺ ജോൺസനെതിരെ പൊലീസ് കേസെടുത്തിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി ചികിത്സാ പിഴവ് പരിശോധിക്കാൻ പൊലീസ് ആവശ്യപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് യോഗം ചേർന്നു. ബിജോൺ ജോൺസന് ചികിത്സാ പിഴവ് സംഭവിച്ചതായി ഡിഎംഒ അംഗമായ മെഡിക്കൽ ബോർഡ് വിലയിരുത്തി. കൈവിരലിലെ ശസ്ത്രക്രിയ നേരത്തെ നിശ്ചയിച്ചതയതിനാൽ അവയവം മാറി പോയത് അസാധാരണമാണ്. ചികിത്സയുടെ ഏതെങ്കിലും ഘട്ടത്തിൽ പുതിയ രോഗമോ മറ്റെന്തെങ്കിലും കണ്ടെത്തിയാൽ രോഗിയെയോ കുടുംബത്തേയോ അറിയിക്കേണ്ടതാണ്.
ഇവിടെ അതുണ്ടായില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിലും ഡോക്ടറുടെ പിഴവ് വ്യക്തമായിരുന്നു. ഡോക്ടറെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ട് കിട്ടിയതിനാൽ മെഡിക്കല്‍ കോളേജ് പൊലീസ് കേസുമായി മുന്നോട്ട് പോകും. നോട്ടീസ് അയച്ച് കുറ്റപത്രം സമർപ്പിക്കും. ബിജോൺ ജോൺസൻ നിലവിൽ സസ്പെൻഷനിലാണ്. പരമാവധി രണ്ടു വർഷം തടവോ പിഴ ശിക്ഷയോ കിട്ടാവുന്ന കുറ്റമാണ് ബിജോണ്‍ ജോണ്‍സനെതിരെ ചുമത്തിയിരിക്കുന്നത്.