വിദ്യാർത്ഥി അവശനിലയിലായ സംഭവം; തട്ടുകടകളിലെ ലായനിയിൽ ആസിഡ് ഇല്ലെന്ന് പരിശോധന ഫലം

Web Desk   | Asianet News
Published : Feb 16, 2022, 08:52 PM IST
വിദ്യാർത്ഥി അവശനിലയിലായ സംഭവം; തട്ടുകടകളിലെ ലായനിയിൽ ആസിഡ് ഇല്ലെന്ന് പരിശോധന ഫലം

Synopsis

പരിശോധനയ്ക്ക് അയച്ച, മൂന്ന് ഉപ്പിലിട്ട വസ്തുക്കൾ സൂക്ഷിച്ചിരുന്ന ദ്രാവകവും വിനാഗരി ലായിനി തന്നെയാണെന്ന് കണ്ടെത്തി. മറ്റു നിരോധിച്ച രാസ പദ്ധാർഥങ്ങളുടെയോ മിനറൽ ആസിഡുകളുടെയോ സാന്നിധ്യം ഇവയിൽ കണ്ടെത്തിയില്ല.

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ (Kozhikode Beach) തട്ടുകടകളിൽ നിന്ന്  ശേഖരിച്ച അഞ്ച് സാമ്പിളുകളിലും അസറ്റിക് ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം. പരിശോധനയ്ക്ക് അയച്ച, മൂന്ന് ഉപ്പിലിട്ട വസ്തുക്കൾ സൂക്ഷിച്ചിരുന്ന ദ്രാവകവും വിനാഗരി ലായിനി തന്നെയാണെന്ന് കണ്ടെത്തി. മറ്റു നിരോധിച്ച രാസ പദ്ധാർഥങ്ങളുടെയോ മിനറൽ ആസിഡുകളുടെയോ സാന്നിധ്യം ഇവയിൽ കണ്ടെത്തിയില്ല.

രണ്ടു സ്ഥാപനങ്ങളിൽ കന്നാസുകളിലായി പ്രത്യേകം സൂക്ഷിച്ചിരുന്ന ദ്രാവകത്തിന്റെ രണ്ടു സാമ്പിളുകൾ ശേഖരിച്ച് അയച്ചിരുന്നു. ഇത് ഗ്ലേഷ്യൽ അസറ്റിക് ആസിഡ് ആണെന്ന് കണ്ടെത്തി. ഇതിലും നിരോധിക്കപ്പെട്ട രാസ പദാർത്ഥങ്ങളുടെയോ മിനറൽ ആസിഡുകളുടെയോ സാന്നിധ്യം ഇല്ല.

ബീച്ചിലെ തട്ടുകടയില്‍ നിന്ന് ആസിഡ് കുടിച്ച് വിദ്യാര്‍ത്ഥി അവശ നിലയിലായ സംഭവത്തെത്തുടര്‍ന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. ബീച്ചിലെ അഞ്ച് തട്ട് കടകളില്‍ നിന്നുളള സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. കോഴിക്കോട്ടെ തട്ടുകടകളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് രണ്ട് മാസം മുൻപേ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും കോർപ്പറേഷൻ ആരോഗ്യ വകുപ്പ് അവഗണിച്ചതാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക നി​ഗമനം.

കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും കൈതച്ചക്കയുമെല്ലാം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെങ്കിലും തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദുരനുഭവം ഉണ്ടായതോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇടപെട്ടത് . പഴവര്‍ഗ്ഗങ്ങളിലും മറ്റും വേഗത്തില്‍ ഉപ്പു പിടിക്കാനായി തട്ടുകടയില്‍ സൂക്ഷിക്കാറുളള  അസറ്റിക് ആസിഡ് കുടിച്ചതാണ് അപകടത്തിന് കാരണമായത് എന്നായിരുന്നു പ്രാഥമിക നി​ഗമനം. 

കോഴിക്കോട് ബീച്ചിലടക്കം തട്ടുകടകളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് രണ്ട് മാസം മുൻപ് കമ്മീഷണർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് നൽകിയിരുന്നു.  ഉപ്പിലിട്ട പഴങ്ങളിൽ പെട്ടെന്ന് സത്തു പിടിക്കാൻ ബാറ്ററി വാട്ടറും ഏറെനാൾ നിൽക്കാൻ അസറ്റിക് ആസിഡും ഉപയോഗിക്കുന്നതായും , മീനുകളിൽ ഫോർമാലിൻ ഉപയോഗം വർധിക്കുന്നതായും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ടായിരുന്നു , മിന്നൽ പരിശോധനകൾ നടത്താനും നിർദേശിച്ചിരുന്നു. എന്നാൽ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. വിദ്യാർത്ഥി ആസിഡ് കുടിച്ച് പൊള്ളലേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലും പരിശോധന നടത്താൻ നിർദേശിച്ചിരുന്നു. വിദ്യാർഥിയെക്കുറിച്ചുള്ള വാർത്തകൾ വന്നതിനു പിന്നാലെയാണ് അധികൃതർ പരിശോധന തുടങ്ങിയത്. അപ്പോഴേക്കും രാസവസ്തുക്കൾ കടകളിൽ നിന്നും മാറ്റിയിരുന്നു എന്ന് ആക്ഷേപം ഉയരുന്നുണ്ട്. 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് ബീച്ചില്‍ ഉപ്പിലിട്ടവയ്ക്കുളള ഡിമാന്‍റ് കൂടിയത്. സിന്തറ്റിക് വിനാഗിരിയോ പ്രകൃതിദത്ത വിനാഗിരിയോ ആണ് ഉപ്പിലിട്ട വസ്തുക്കൾ ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടത്. വിനാഗിരിയിൽ ഉപ്പും വെള്ളവും ചേർത്താണ് ഇത്തരം ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നത്. അസറ്റിക് ആസിഡ് വെള്ളമൊഴിച്ച് നേർപ്പിച്ചാൽ വിനാഗിരി ആകില്ലെന്നും സിന്തറ്റിക് വിനാഗിരി തെരുവ് കച്ചവടക്കാർക്ക് ഉണ്ടാക്കാൻ കഴിയുന്നതല്ലെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതര്‍ പറയുന്നു. അതേസമയം,നേർപ്പിക്കാത്ത വിനാഗിരി ശ്രദ്ധയോടെ ഉപയോഗിക്കേണ്ട വസ്തു ആണെന്നും കുട്ടികൾക്ക് കയ്യെത്തുന്ന ഇടത്തിൽ ഇത്തരം വസ്തുക്കൾ കൊണ്ടു വച്ചതാണ് വിനയായതെന്ന് കച്ചവടക്കാരും സമ്മതിക്കുന്നു. 
 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും