
തിരുവനന്തപുരം: കോഴിക്കോട് ട്രെയിന്‍ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ റെയില്‍വേ മന്ത്രി അശ്വാനി വൈഷ്ണവിന് കത്ത് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഭാവിയില്‍ ഇത്തരം അക്രമങ്ങള്‍ നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും, പരിക്കേറ്റവര്‍ക്കും അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണമെന്നും സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു. ട്രെയിന്‍ യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്വമാണെന്നും സുധാകരന്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.
സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങളും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമായി നടത്തുകയാണ്. ഡിജിപി ഇതിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. റെയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തില്‍ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, അക്രമിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എലത്തൂരിന് സമീപം കാട്ടിലപ്പീടികയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ചുവന്ന കള്ളികളുള്ള ഷര്‍ട്ട് ധരിച്ച വ്യക്തിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാള്‍ ഫോണ്‍ ചെയ്യുന്നതും ഒരു ഇരുചക്രവാഹനത്തില്‍ കയറി പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഇയാളുടെ കയ്യിലൊരു ബാഗുമുണ്ട്. ഇയാള്‍ തന്നെയാണോ അക്രമിയെന്ന് പൊലീസും ഉറപ്പിച്ച് പറയുന്നില്ല. ഈ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam