
തിരുവനന്തപുരം: പര്യടന വിവാദം പാർട്ടിക്കകത്തും പുറത്തും കൊടുമ്പിരി കൊണ്ടിരിക്കെ ശശി തരൂരിനെ വരുതിയിൽ നിർത്താൻ കെപിസിസി അച്ചടക്ക സമിതി. ശശി തരൂരിന് പാർട്ടി ചട്ടക്കൂടിന് ഉള്ളിൽ നിന്ന് പരിപാടികളിൽ പങ്കെടുക്കാമെന്ന് സമിതി നിർദ്ദേശിച്ചു. ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ പരിപാടികളിൽ പങ്കെടുക്കാവൂ. പാർട്ടി ചട്ടക്കൂടിന് സമാന്തരമായി പരിപാടികൾ പാടില്ലെന്നും കെപിസിസി അച്ചടക്ക സമിതി നിർദ്ദേശിക്കുന്നു. ബന്ധപ്പെട്ട എല്ലാവരെയും അച്ചടക്ക സമിതി നിർദ്ദേശം അറിയിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
അതേസമയം കോഴിക്കോടുള്ള താരീഖ് അൻവർ പ്രശ്ന പരിഹാരത്തിനായി ഇന്ന് ഇടപെട്ടേക്കും. കോഴിക്കോട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, എംപിമാരായ കെ മുരളീധരൻ, എം കെ രാഘവൻ തുടങ്ങിയവർ പങ്കെടുക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം ഭാഗമാകും. തരൂർ വിഷയത്തിൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന എം കെ രാഘവനുമായി താരിഖ് അൻവർ ചർച്ച നടത്തുമെന്നാണ് സൂചന.
അതേസമയം നേതൃത്വം അസ്വസ്ഥരാകുമ്പോഴും പാർട്ടിയെ ശക്തിപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നാണ് തന്റെ ശ്രമമെന്നാണ് ശശി തരൂർ മറുപടി പറയുന്നത്. എന്നാൽ തരൂരിനൊപ്പമോ അതോ എതിരോ എന്ന നിലയിലേക്ക് സംസ്ഥാന കോൺഗ്രസ്സിലെ ബലാബലം തന്നെ മാറിമറഞ്ഞു. ശശി തരൂരിനിത് വൻ നേട്ടമാണെന്നത് വ്യക്തം. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരസ്യമായി എതിർത്ത കേരള നേതാക്കൾ മുഴുവൻ തരൂരിൻറെ അതിവേഗ നീക്കത്തിൽ വെട്ടിലായി. പാർട്ടി നയങ്ങൾ ഉയർത്തിയുള്ള പരിപാടികളെങ്ങിനെ വിമതനീക്കമാകുമെന്നാണ് തരൂരിൻറെ ചോദ്യം. സംഘപരിവാറിനെതിരായ നീക്കങ്ങളിൽ കോൺഗ്രസ് ഫോറത്തിൽ നിന്ന് തന്നെ മത-സാമുദായിക നേതാക്കളുമായും പ്രൊഫഷണലുകളുമായാണ് സംവാദങ്ങളും കൂടിക്കാഴ്ചയും. അത് കൊണ്ട് തന്നെ ഇതൊന്നും അച്ചടക്കലംഘനമായി എടുക്കാനാകില്ലെന്നത് കെപിസിസി നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam