
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിനായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മാർഗനിർദേശം പുറപ്പെടുവിച്ചു. അൻപത് ശതമാനം വനിതാ സംവരണമുള്ളതിനാൽ ജനറൽ സീറ്റുകളിൽ വനിതകൾ മത്സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് കെപിസിസി അധ്യക്ഷൻ പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ പറയുന്നു.
രാഷ്ട്രീയേതര ക്രിമിനൽ കേസ്സുകളിൽ പ്രതികളായവരെ സ്ഥാനാർത്ഥികളായി പരിഗണിക്കരുതെന്നും അഴിമതി ആരോപണങ്ങൾ നേരിടുന്നവരേയും മത്സരിക്കാൻ അനുവദിക്കരുതെന്നും കെപിസിസി നിർദേശിക്കുന്നു. ഇത്തരം ആളുകൾ സ്ഥാനാർത്ഥികളായാൽ സ്ഥാനാർത്ഥി നിർണയത്തിനായി ചുമതലപ്പെടുത്തിയ സബ് കമ്മിറ്റിയുടെ പേരിൽ നടപടിയെടുക്കുമെന്നും കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരേ വാർഡിൽ ഭാര്യയും ഭർത്താവും മാറി മാറി മത്സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിബലായി മത്സരിച്ചവരെ സ്ഥാനാർത്ഥികളായി പരിഗണിക്കരുതെന്നും നിർദേശമുണ്ട്. ത്രിതല പഞ്ചായത്ത് നഗരസഭാ അധ്യക്ഷൻമാരായി തെരഞ്ഞെടുക്കപ്പെടുന്നവർ പാർട്ടി ഭാരവാഹിത്വം രാജിവയ്ക്കണം.
പാർട്ടി അംഗത്വമോ പോഷക സംഘടന അംഗത്വമോ ഉള്ളവരെ വേണം സ്ഥാനാർത്ഥികളാക്കാൻ. പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുമെന്ന് സ്ഥാനാർത്ഥികൾ സാക്ഷ്യപത്രം നൽകണമെന്നും കെപിസിസി അധ്യക്ഷൻ്റെ മാർഗനിർദേശത്തിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam