
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ്സിൽ നേതൃമാറ്റത്തിലും പുനസംഘടനയിലും നേതാക്കളുമായി ഒറ്റക്കൊറ്റക്ക് ചർച്ച നടത്തി എഐസിസി നേതൃത്വം. വിവിധ നേതാക്കളിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അഭിപ്രായം തേടി. ഇതിനിടെ പ്രതിപക്ഷനേതാവിന്‍റെ ശൈലിക്കെതിരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്ന കടുത്ത കുറ്റപ്പെടുത്തലുകൾ ഹൈക്കമാൻഡിന് മുന്നിലെ പുതിയ പ്രതിസന്ധിയാണ്. തനിക്കെതിരായ വിമർശനങ്ങൾ ആസൂത്രിതമാണെന്ന സംശയം സതീശനുണ്ട്.
പുനസംഘടനയിൽ കെപിസിസി അധ്യക്ഷൻ മാറുമോ എന്നുള്ളതായിരുന്നു പ്രധാന ആകാംക്ഷ. പക്ഷെ രാഷ്ട്രീയകാര്യ സമിതി തീർന്നതോടെ ആദ്യം മാറ്റേണ്ടത് പ്രതിപക്ഷനേതാവിന്‍റെ ശൈലിയാണെന്ന ആവശ്യമാണ് ശക്തമായത്. രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം മുൻ നിശ്ചയിച്ചപ്രകാരമാണ് ദീപ ദാസ് മുൻഷി നേതാക്കളെ വെവെറെ കാണുന്നത്. രമേശ് ചെന്നിത്തല, വിഡി സതീശൻ, ബെന്നി ബെഹ്നനാൻ, സണ്ണി ജോസഫ് അടക്കമുള്ളവരുമായാണ് ചർച്ച. നാളെയും കൂടിക്കാഴ്ചകളുണ്ട്.
അധ്യക്ഷന്‍റെ മാറ്റത്തിലടക്കം അഭിപ്രായം തേടുന്നുണ്ടെന്നാണ് വിവരം. ആരോഗ്യപ്രശ്നങ്ങൾ കാരണം സുധാകരൻ മാറണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. പക്ഷെ മാറിയാൽ പകരം ആരെന്ന ചോദ്യമടക്കം പ്രശ്നം. പൊതു വികാരത്തിനനുസരിച്ചാകും എഐസിസി തീരുമാനം. അതിനിടെയാണ് സുധാകരനെ മാറ്റാൻ മുൻകയ്യെടുത്തിരുന്ന പ്രതിപക്ഷനേതാവിനെതിരായ കടുത്ത വിമർശനങ്ങൾ.
ഗ്രൂപ്പുകൾക്കതീതമായി ഉയർന്ന കുറ്റപ്പെടുത്തലുകൾക്ക് ആസൂത്രണ സ്വഭാവമുണ്ടോ എന്ന സംശയം സതീശനുണ്ട്. വിമർശനങ്ങളിൽ കടുത്ത അസ്വസ്ഥതയുണ്ട് സതീശന്. ശൈലി മാറ്റ ആവശ്യത്തിലും തീരുമാനമെടുക്കേണ്ടതാണ് എഐസിസിക്ക് മുന്നിലെ പുതിയ വെല്ലവിളി. പ്രസിഡന്‍റ് മാറിയാൽ പ്രതിപക്ഷനേതാവും മാറട്ടെ എന്ന നിലക്കും ചില നീക്കങ്ങളുണ്ട്. എഐസിസി സെക്രട്ടറി പിവി മോഹനന്‍റെ അപകടത്ത തുടർന്ന് മാറ്റിയ സംയുക്ത വാർത്താസമ്മേളനം ഇനി എന്ന് എന്നതിൽ തീരുമാനമായിട്ടില്ല.