കിഫ്ബിയെ അന്ത്യശ്വാസം വലിക്കാന്‍ വിട്ടു, സിപിഎം ഇതുവരെ എതിര്‍ത്ത സ്വകാര്യമൂലധനമാണ് സര്‍ക്കാരിന് ഇനി ആശ്രയം

Published : Feb 05, 2024, 02:46 PM IST
കിഫ്ബിയെ അന്ത്യശ്വാസം വലിക്കാന്‍ വിട്ടു, സിപിഎം ഇതുവരെ എതിര്‍ത്ത സ്വകാര്യമൂലധനമാണ് സര്‍ക്കാരിന് ഇനി ആശ്രയം

Synopsis

ബജറ്റ് കേരളത്തെ വഞ്ചിച്ചതിന്‍റെ  നേര്‍രേഖയെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍

തിരുവനന്തപുരം:കേരളത്തിലെ ജനങ്ങളെ സിപിഎം ദീര്‍ഘകാലമായി പറഞ്ഞുപറ്റിച്ചുകൊണ്ടിരുന്ന വഞ്ചനയുടെ നേര്‍രേഖയാണ് കേരള ബജറ്റെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സമ്പൂര്‍ണ സ്വകാര്യവത്കരണമാണ് ബജറ്റിന്റെ മുഖമുദ്ര. കിഫ്ബിയെ അന്ത്യശ്വാസം വലിക്കാന്‍ വിട്ട് സിപിഎം ഇതുവരെ എതിര്‍ത്ത സ്വകാര്യമൂലധനമാണ് സര്‍ക്കാരിന് ആശ്രയം.യുഡിഎഫിന്‍റെ കാലത്ത് കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനം നടന്നപ്പോള്‍  അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടിപി ശ്രീനിവാസനെ പരസ്യമായി മര്‍ദിച്ചവരാണ് ഇപ്പോള്‍  വിദേശ സര്‍വകലാശാലകളും സ്വകാര്യ സര്‍വകലാശാലയും പ്രഖ്യാപിച്ചത്. സ്വാശ്രയ കോളജ് സമരത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍  ദശാബ്ദങ്ങളായി ശരശയ്യയില്‍ കഴിയുന്ന പുഷ്പനോടും സമരത്തിലും പ്രക്ഷോഭത്തിലും ജീവിതം നഷ്ടപ്പെട്ട പതിനായിരങ്ങളോടും സിപിഎം  മാപ്പു പറയണം.

ധനമന്ത്രി വാചാലനായ വിഴിഞ്ഞം പദ്ധതിയില്‍ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ചതിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും മാപ്പു പറയാം. മുമ്പ് ഡാമിലെ മണല്‍ വില്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അന്നത് കേരളത്തിന്റെ പുഴയും മണ്ണും മാഫിയയക്ക് തീറെഴുതിയെന്നാണ്  സിപിഎം പറഞ്ഞത്. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് പ്രകടനപത്രികയില്‍ സര്‍ക്കാര്‍ ജീവനക്കാരോട്  വാഗ്ദാനം ചെയ്തിട്ട് മറ്റു സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ പദ്ധതികള്‍ വീണ്ടും  പഠിക്കാന്‍ പോകുന്നു. 6 ഗഡു ഡിഎയ്ക്ക് കാത്തിരുന്ന ജീവനക്കാര്‍ക്ക് ഒരു ഗഡു മാത്രമാണ് അനുവദിച്ചത്. ക്ഷേമപെന്‍ഷനില്‍ വര്‍ധനവും മുടങ്ങിയ ഗഡുക്കളും കാത്തിരുന്ന 50 ലക്ഷം പാവപ്പെട്ടവരെയാണ് വഞ്ചിച്ചത്.

റബറിന് 10 രൂപ മാത്രം  കൂട്ടിയത് കേരളത്തിലെ റബര്‍ കര്‍ഷകരോട് കാട്ടിയ കടുത്ത വഞ്ചനയാണ്. തോമസ് ചാഴികാടന്‍ എംപിയെ വീണ്ടും അപമാനിച്ചതിനു തുല്യമാണിത്. റബറിന്റെ ഉല്പാദനച്ചെലവിനു പോലും ഇതു തികയുകയില്ല. റബര്‍ വിലസ്ഥിരതാ ഫണ്ട് വെറും പ്രഹസനമാക്കി. ടൂറിസം മേഖലയ്ക്ക് വാരിക്കോരി നല്കിയപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയെ അവഗണിച്ചു. പിണറായി ഭരണത്തില്‍ ഇതുവരെ 42 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.അതേസമയം, കേരളീയം പോലുള്ള പരിപാടികള്‍ക്ക് 10 കോടി രൂപ നല്കി അനാവശ്യചെലവുകളും ധൂര്‍ത്തും തടയാന്‍ സര്‍ക്കാര്‍ തയാറല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തെന്നും സുധാകരന്‍ പറഞ്ഞു.

PREV
KKKC
About the Author

Kishor Kumar K C

1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More...
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ