'സംഘപരിവാര്‍ ശക്തികൾ ഞെക്കിക്കൊല്ലുന്നതിനു മുന്നോടിയായി നക്കിക്കൊല്ലാന്‍ ഇറങ്ങിയിരിക്കുകയാണ്': കെ സുധാകരന്‍

Published : Apr 08, 2023, 04:45 PM IST
 'സംഘപരിവാര്‍ ശക്തികൾ ഞെക്കിക്കൊല്ലുന്നതിനു മുന്നോടിയായി നക്കിക്കൊല്ലാന്‍ ഇറങ്ങിയിരിക്കുകയാണ്': കെ സുധാകരന്‍

Synopsis

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിനംപ്രതി ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമം നടക്കുമ്പോള്‍ അതു മൂടിവച്ച് ഈസ്റ്റര്‍ ദിനത്തില്‍ ബിജെപിക്കാര്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ധൃതരാഷ്ട്രാലിംഗനത്തിനാണെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിനംപ്രതി ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമം നടക്കുമ്പോള്‍ അതു മൂടിവച്ച് ഈസ്റ്റര്‍ ദിനത്തില്‍ ബിജെപിക്കാര്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ധൃതരാഷ്ട്രാലിംഗനത്തിനാണെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഹിന്ദുരാഷ്ട്രത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സംഘപരിവാര്‍ ശക്തികള്‍ ഞെക്കിക്കൊല്ലുന്നതിനു മുന്നോടിയായി നക്കിക്കൊല്ലാന്‍ ഇറങ്ങിയിരിക്കുകയാണെന്നു  സുധാകരന്‍ പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്‌റ്റെയിനേയും അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു മക്കളെയും തീയിട്ടു ചുട്ടുകൊന്നതും അധഃസ്ഥിതരുടെ ഇടയില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച ഫാ സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു കൊന്നതും 500 ഓളം പേര്‍ കൊല്ലപ്പെടുകയും 395 പള്ളികള്‍ തകര്‍ക്കുകയും ചെയ്ത ഒറീസയിലെ കാണ്ടമാല്‍ വര്‍ഗീയ ലഹളയും മറന്നിട്ടാണോ ഭവനസന്ദര്‍ശനത്തിനെത്തുന്നതെന്ന്  ബിജെപിക്കാര്‍ വ്യക്തമാക്കണം. 

മദര്‍ തെരേസയ്ക്കു നല്കിയ നൊബേല്‍ സമ്മാനവും ഭാരതരത്‌നവും  തിരിച്ചെടുക്കണമെന്ന ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭഗത്തിന്റെ ജല്പനങ്ങള്‍ തത്തയെപ്പോലെ ഏറ്റുപറയുന്ന സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ നിലപാടില്‍ മാറ്റമുണ്ടോ?  മദര്‍ തെരേസ അഗതികളെ ശുശ്രൂഷിക്കുകയായിരുന്നില്ലെന്നും അവരെ മതപരിവര്‍ത്തനം ചെയ്യുകയായിരുന്നുവെന്നുമുള്ള സംഘപരിവാര്‍ നിലപാടിനോട് കേരള നേതാക്കള്‍ എന്തു പറയുന്നു? 240 അഗതി മന്ദിരങ്ങളില്‍ പതിനായിരക്കണക്കിന് ആരോരുമില്ലാത്തവരെ  ആകെ മൂന്നു സാരികള്‍ മാത്രം സമ്പാദ്യമുള്ള കന്യാസ്ത്രീകള്‍ ശുശ്രൂഷിക്കുമ്പോള്‍ അതിനു വിലങ്ങുതടി തീര്‍ത്തതു ന്യായീകരിക്കാവുന്നതാണോ? 

Read more:  'അരിക്കൊമ്പനെന്ന് വിചാരിച്ച് കൊണ്ടുപോയത് കുഴിയാനയെ'; അനിലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സുധാകരന്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ 79 ക്രൈസ്തവസംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ ക്രൈസ്തവരുടെ 500 പള്ളികള്‍ ആക്രമിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു.    യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കനുസരിച്ച് 2022ല്‍ ക്രൈസ്തവര്‍ക്കെതിരേ 21 സംസ്ഥാനങ്ങളില്‍ 597 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ 1198 ആക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.  ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന അക്രമങ്ങള്‍ നിര്‍ത്താന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. ഡോ. പീറ്റര്‍ മച്ചാഡോ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ 8 സംസ്ഥാനങ്ങളോട് വിശദീകരണം തേടിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍  വ്യക്തതയില്ലാതെ ബിജെപി നടത്തുന്ന ഭവനസന്ദര്‍ശനം വെറുമൊരു പ്രഹസനമായി മാറുമെന്നു സുധാകരന്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യും, നാളെ കസ്റ്റഡി അപേക്ഷ നൽകും
വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയി: എംഎ ബേബി