
കൊച്ചി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും മോൻസൻ മാവുങ്കലും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇഡിയും വിവരങ്ങൾ തേടി. മോണ്‍സന്‍റെ മൂന്ന് ജീവനക്കാരിൽ നിന്നുമാണ് ഇഡി മൊഴിയെടുത്തത്. കെ സുധാകരനും ഇഡി നോട്ടീസ് നൽകും. അതേസമയം, ക്രൈംബ്രാഞ്ച് കേസിലെ ചോദ്യം ചെയ്യലിന് കെ സുധാകരൻ ജൂണ്‍ 23ന് ഹാജരാകാൻ നോട്ടീസ് പുറപ്പെടുവിച്ചു.
25 ലക്ഷത്തിന്‍റെ സാമ്പത്തിക തട്ടിപ്പിൽ കള്ളപ്പണ ഇടപാടിലേക്കാണ് ഇഡിയുടെ കണ്ണുകൾ. കെ സുധാകരന് എതിരെ ക്രൈബ്രാഞ്ചിന് മൊഴി നൽകിയ മോൻസന്‍റെ ജീവനക്കാരായിരുന്ന അജി, ജോഷി, ജെയ്സണ്‍ എന്നിവരിൽ നിന്നും ഇഡി വിവരങ്ങൾ തേടി. ഒരു മാസം മുമ്പായിരുന്നു ഇഡി ഇവരെ സമീപിച്ചത്. കേസില്‍ വൈകാതെ കെ സുധാകരനും നോട്ടീസ് നൽകിയേക്കും. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ച കെ സുധാകരൻ പത്ത് ദിവസത്തെ സാവകാശം തേടി. ജൂണ്‍ 23ന് ചോദ്യംചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് പുറപ്പെടുവിച്ചു. കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികളും കെ.സുധാകരൻ തുടങ്ങി.
സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന പരാതിയിലുള്ള 2018 നവംബർ 22ന് ഉച്ചക്ക് രണ്ട് മണിക്ക് മോണ്‍സന്‍റെ വീട്ടിൽ കെ സുധാകരന്‍റെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിച്ചാണ് ഇഡിയുടെ നീക്കങ്ങൾ. അന്നെടുത്ത ഫോട്ടോകൾ ഗാഡ്ജറ്റുകളിൽ നിന്നും സൈബർ ഫോറൻസിക്ക് വഴി ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. അന്ന് മോൻസനെ ചികിത്സക്കായി കണ്ടുവെന്നും എന്നാൽ പരാതിക്കാരുമായി ഇടപെടുകയോ സാമ്പത്തിക വിനിമയം അറിയുകയോ ചെയ്തിട്ടില്ലെന്നാണ് കെ സുധാകരന്‍റെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam