
തിരുവനന്തപുരം: ഡിസിസി പുന:സംഘടന സംബന്ധിച്ചു കെ സുധാകരനും വിഡി സതീശനും തമ്മിൽ നാളെ വീണ്ടും ചർച്ച നടത്തും. ഭാരവാഹി പട്ടികക്ക് അന്തിമ രൂപം നൽകുക എന്നതാണ് ചർച്ചയുടെ പ്രധാന അജണ്ടയെങ്കിലും അടുത്തിടെ ഉണ്ടായ അസ്വാരസ്യങ്ങളും ചർച്ചയിൽ വിഷയമാകും. മറ്റന്നാളോടെ പട്ടിക പ്രഖ്യാപിക്കാൻ ആണ് നീക്കം എങ്കിലും നീളാൻ സാധ്യത ഉണ്ട്. 9 ജില്ലകളിൽ ഇനിയും ധാരണയിലെത്തേണ്ടതുണ്ട്. മറ്റന്നാൾ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിൽ നേതാക്കൾക്ക് പങ്കെടുക്കേണ്ടതുണ്ട്. സതീശനുമായുള്ള ചർച്ചക്ക് ശേഷം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായും സുധാകരൻ ചർച്ച നടത്തും.
പിന്നിൽ നിന്ന് കുത്തിയവരുണ്ടെന്ന് സതീശൻ, ആലങ്കാരിക പ്രയോഗമെന്ന് സുധാകരൻ
ഡി സി സി പുന:സംഘടനയിൽ സമവായ ചർച്ച തുടരുമ്പോഴും ചെന്നിത്തലയെ ഉന്നമിട്ടുള്ള വിഡി സതീശന്‍റെ പരാതി കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ ഗൗരവമായി കണ്ടിട്ടില്ലെന്ന വിലയിരുത്തലുകളാണ് ഉള്ളത്. പിന്നിൽ നിന്നും കുത്തിയെന്ന സതീശന്‍റെ പരാതിക്ക് ആലങ്കാരിക പ്രയോഗമെന്ന മറുപടി നൽകിയതിലൂടെ സുധാകരൻ ഇതാണ് വ്യക്തമാക്കുന്നതെന്ന വിലയിരുത്തലാണ് ഉയർന്നത്. സുധാകരനുമായുള്ള ഭിന്നത തീർത്ത് ചെന്നിത്തലയെ നേരിടലാണ് സതീശൻ ലക്ഷ്യം വയ്ക്കുന്നതെന്നും ചർച്ചകളുണ്ട്. ഡിസിസി പട്ടികയിൽ സുധാകരനും സതീശനും തമ്മിൽ അനുരജ്ഞന ചർച്ച തുടരുകയാണ്. എന്നാൽ പട്ടികയിൽ സതീശന്‍റെ അഭിപ്രായം പരിഗണിക്കുന്ന കെ പി സി സി അധ്യക്ഷൻ പക്ഷെ ചെന്നിത്തലയെ ലക്ഷ്യമിട്ടുള്ള സതീശനറെ പരാതി ഗൗരവമായി കണ്ടിട്ടില്ല.
സുധാകരനുമായുള്ള ഭിന്നത തീർന്നെന്ന് സതീശൻ അനുകൂലികൾ പറയുമ്പോൾ ചെന്നിത്തലക്കെതിരായ വി ഡിയുടെ നീക്കത്തിന് കെ പി സി സി അധ്യക്ഷൻ കൈ കൊടുക്കാത്തതിൽ ഐ ഗ്രൂപ്പ് സന്തോഷത്തിലാണ്. കെസിവേണുഗോപാൽ വിഡി സതീശൻ ചേരി നിർദ്ദേശിക്കുന്ന പേരുകൾ പട്ടികയിൽ കൂട്ടിച്ചേർത്താലും കരടിലുള്ള ഐ പക്ഷക്കാരെ സുധാകരൻ മാറ്റില്ലെന്ന ഉറപ്പിലാണ് ഐ ക്യാമ്പ്. ഭിന്നത തീർത്ത് ചെന്നിത്തല-മുരളി ഒന്നിച്ചതിനെ സതീശൻ കഴിഞ്ഞ ദിവസം പരിഹസിച്ചപ്പോൾ യോജിപ്പ് മാതൃകയാക്കണമെന്നാണ് ഇരുനേതാക്കളുടേയും വിശദീകരണം. സുധാകരൻ ഒപ്പമാണെന്ന് ഐ ഗ്രൂപ്പ് കരുതുമ്പോൾ പഴയപോലെ ഗ്രൂപ്പ് പോരിന് സുധാകരൻ തയ്യാറായേക്കില്ല. എ - ഐ ഗ്രൂപ്പുകളെയും സതീശൻ - വിഡി ചേരിയെയും എല്ലാം ഒപ്പം നിർത്തലാണ് ലക്ഷ്യമെന്നാണ് സുധാകരൻ അനുകൂലികൾ പറയുന്നത്.
നേതാക്കളുടെ സംഗമവേദിയായി ചെന്നിത്തലയുടെ പുസ്തക പ്രകാശന വേദി
പുനസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ നേതാക്കളുടെ സംഗമവേദിയായി ചെന്നിത്തലയുടെ പുസ്തകപ്രകാശനവേദി ഇന്നലെ മാറി. കെ മുരളീധരൻ, ശശി തരൂർ, എം എം ഹസ്സൻ, ചെന്നിത്തല എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഐക്യത്തിനായി ഒന്നിക്കണമെന്ന ആഹ്വനുമുണ്ടായി. രമേശ് ചെന്നിത്തല എഴുതിയ ഗാന്ധിഗ്രാമങ്ങളിലൂടെ എന്ന പുസ്തകത്തിന്‍റെ പുനഃപ്രകാശനമായിരുന്നു ചടങ്ങ്. ഒരുമിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ച ശേഷം കെ മുരളീധരനും രമേശ് ചെന്നിത്തലയും ആദ്യമായി ഒന്നിച്ച് ഒരു വേദിയിൽ എത്തിയെന്നതായിരുന്നു പരിപാടിയുടെ സവിശേഷത. ഒപ്പം എം എം ഹസ്സനും ശശി തരൂരും കൂടി ആയതോടെ പരിപാടി ഗംഭീരമായി.
ചെന്നിത്തല കെപിസിസി പ്രസിഡന്‍റായിരുന്നപ്പോഴാണ് പാർട്ടി എറ്റവും ശക്തമായതെന്നാണ് ഹസ്സൻ പറഞ്ഞത്. കരുണാകരന്‍റെ ശിഷ്യൻ അദ്ദേഹത്തിന്‍റെ പാത പിൻതുടരുന്നുവെന്ന് കെ മുരളീധരനും പറഞ്ഞു. പുസ്തകത്തെ സ്നേഹിക്കുന്ന വ്യക്തിയാണ് ചെന്നിത്തലയെന്നായിരുന്നു ശശി തരൂറിന്‍റെ കമന്‍റ്. ചെന്നിത്തലയുടെ മകൻ രോഹിന്‍റെ ഉടമസ്ഥതയുള്ള ശ്രേഷ്ടാ ബുക്സിലായിരുന്നു ചടങ്ങ് നടന്നത്.