'ജീര്‍ണതയുടെ പടുകുഴിയില്‍ വീണ കേരള സിപിഎമ്മിനെ തിരുത്താന്‍ നേതൃത്വം തയ്യാറാകുമോ'?, യെച്ചൂരിയോട് കെ സുധാകരന്‍

Published : Feb 21, 2023, 12:50 PM ISTUpdated : Feb 21, 2023, 01:09 PM IST
'ജീര്‍ണതയുടെ പടുകുഴിയില്‍ വീണ കേരള സിപിഎമ്മിനെ തിരുത്താന്‍ നേതൃത്വം തയ്യാറാകുമോ'?, യെച്ചൂരിയോട് കെ സുധാകരന്‍

Synopsis

പി കൃഷ്ണപിള്ളയും എകെജിയും ഇഎംഎസും നയിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയെ ഇപ്പോള്‍ പിണറായി വിജയനും എംവി ഗോവിന്ദനും നയിക്കുമ്പോള്‍, അത് അധോലോക സംഘമായി  മാറിയിട്ടും, കേന്ദ്രനേതൃത്വം പാലിക്കുന്ന  നിശബ്ദത ഭയാനകമാണെന്നും കെപിസിസി പ്രസിഡണ്ട്. 

തിരുവനന്തപുരം: സിപിഎം കേരള ഘടകം ജീര്‍ണതയുടെ പടുകുഴിയില്‍ വീണുകിടക്കുമ്പോള്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ചോദിച്ചു. പി കൃഷ്ണപിള്ളയും എകെജിയും ഇഎംഎസും നയിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയെ ഇപ്പോള്‍ പിണറായി വിജയനും എം വി ഗോവിന്ദനും നയിക്കുമ്പോള്‍ അത് അധോലോക സംഘമായി  മാറിയിട്ടും കേന്ദ്രനേതൃത്വം പാലിക്കുന്ന  നിശബ്ദത ഭയാനകമാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സിപിഎമ്മിന്റെ പങ്ക് വ്യക്തമായ അതീവഗുരുതരമായ സാഹചര്യമുള്ളപ്പോള്‍  സിപിഎം കേരള ഘടകത്തിന് നേര്‍വഴി കാട്ടാന്‍ ദേശീയ നേതൃത്വം ഇടപടുമോെയെന്നും അദ്ദേഹം ചോദിച്ചു.

സമീപകാലത്ത് സംസ്ഥാനത്തെ  പിടിച്ചുകുലുക്കിയ താഴെപ്പറയുന്ന സമകാലിക സംഭവങ്ങളില്‍  സിപിഎമ്മിനു നിര്‍ണായക പങ്കുള്ളതിനാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം കേള്‍ക്കാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കിയ സുധാകരന്‍ യെച്ചൂരിയോട് ചോദ്യങ്ങളും ഉന്നയിച്ചു.

1)  ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍  ആരോപണം ഉന്നയിക്കുന്ന വ്യക്തിയും അന്വേഷണ ഏജന്‍സികളും  പുറത്തുവിട്ടെങ്കിലും അധരവ്യായമത്തിലൂടെ എത്രനാള്‍ സ്വന്തം തെറ്റുകളെ മുഖ്യമന്ത്രിക്ക് ന്യായീകരിക്കാനാകും? ലൈഫ്മിഷനില്‍ വീടുനിര്‍മിക്കാന്‍ സംഭാവന ലഭിച്ച 20 കോടി രൂപയില്‍  9.25 കോടിയും കോഴപ്പണമാക്കിയെന്നത് ഗുരുതര ആരോപണമാണ്. അതില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എന്തൊക്കെയോ ഒളിക്കാനും മറയ്ക്കാനും ഉള്ളതുകൊണ്ടല്ലേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍  അപ്പീല്‍ നല്കി സിബിഐ ആരംഭിച്ച അന്വേഷണത്തെ അട്ടിമറിച്ചതും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റില്‍നിന്ന് സുപ്രധാന ഫയലുകള്‍ കടത്തിയതും?   

2) പിണറായി വിജയന്‍ അധ്യക്ഷനായ ലൈഫ് മിഷനിലെ കോഴക്കേസില്‍ സിബിഐ അന്വേഷണത്തിന് എതിരേ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ താങ്കള്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുമോ ? 

3)  മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നു നടത്തിയ സ്വര്‍ണക്കടത്തിലും ലൈഫ് മിഷന്‍ അഴിമതിയിലും മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലടയ്ക്കപ്പെട്ട സാഹചര്യത്തില്‍ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകുമോ?  സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കേന്ദ്രനേതൃത്വത്തിനു താല്‍പ്പര്യമില്ലേ ?

4) മട്ടന്നൂരില്‍ ശുഹൈബ് എന്ന ചെറുപ്പക്കാരനെ കൊന്നതു താനണെന്നും സിപിഎം നേതൃത്വത്തിന്‍റെ  നിര്‍ദേശ പ്രകാരം ആണിതെന്നുമുള്ള ഈ കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ തുറന്നുപറച്ചില്‍ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ. കണ്ണൂരുകാര്‍ക്ക് നേരത്തെ അറിയാവുന്ന സത്യമാണ് ഇപ്പോള്‍ ആക്‌സമികമായി പുറത്തുവന്നത്. എന്നിട്ടും  ദേശീയ നേതൃത്വം എന്തുകൊണ്ടാണ് അതിനു നേരേ കണ്ണടയ്ക്കുന്നത്? 

5)  തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്‍റെ  കേരള നേതാക്കളുടെ ആര്‍ഭാട ജീവിതം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ? കേന്ദ്രകമ്മിറ്റിയംഗം  ഇപി  ജയരാജന്റെ ഉടമസ്ഥയില്‍ കണ്ണൂരിലുള്ള വന്‍കിട ആയൂര്‍വേദ റിസോര്‍ട്ടിന്റെ ധനസമാഹരണവും ഇതിലെ ക്രമക്കേടും സംബന്ധിച്ച് മുന്‍ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജന്‍ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഭയപ്പെടുന്നത് എന്തിനാണ് ?

6) പിണറായി സര്‍ക്കാര്‍ ഈയിടെ കേരളത്തില്‍ പ്രാണവായു ഒഴികെ എല്ലാത്തിനും  നികുതി കൂട്ടിയത് താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. കേന്ദ്രസര്‍ക്കാരിന്റെ ഇന്ധന വില വര്‍ധനവിനെതിരെ സമരം ചെയ്യുകയും ഭരണത്തില്‍ ഇരിക്കുന്ന സംസ്ഥാനത്തില്‍ മോദിയുടെ അതേ നടപടി ആവര്‍ത്തിക്കുകയുമല്ലേ സിപിഎം ചെയ്യുന്നത്. ഭരണത്തിലിരിക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും തമ്മിലെന്താണ് വ്യത്യാസം? 


7) പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നത് പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകളാണ് എന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തുന്നു. സ്ത്രീ ശാക്തീകരണത്തെയും സുരക്ഷയെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം നേതാക്കളില്‍നിന്നും പാര്‍ട്ടി അംഗങ്ങളായ സ്ത്രീകള്‍ക്കു പോലും  തിക്താനുഭവങ്ങള്‍  ഉണ്ടാകുമ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. പീഡന വീരന്‍മാരെ സംരക്ഷിക്കുന്ന നിലപാട് തിരുത്താന്‍ നിങ്ങള്‍ തയ്യാറാകുമോ ?

8) ലഹരിയുടെ പ്രചാരകരും വില്‍പ്പന്നക്കാരുമായി മാറിയ ഡിവൈഎഫ്‌ഐക്കാര്‍   സമീപകാലത്ത് നിരവധി ലഹരിക്കേസുകളില്‍ പ്രതിസ്ഥാനത്താണ്. സംസ്ഥാനത്തെ മദ്യലഹരി മാഫിയില്‍നിന്നു രക്ഷിക്കാന്‍ ഒരു തിരുത്തല്‍ ശക്തിയായി കേന്ദ്രനേതൃത്വം മാറുമോ?

9) സംസ്ഥാനത്തെ സര്‍ക്കാര്‍ നിയമനങ്ങളെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ അപഹരിക്കുകയും അര്‍ഹതയുള്ളവര്‍ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമുണ്ട്.  ഇതിനൊരു പരിഹാരം കാണാനുള്ള ബാധ്യതയില്ലേ?

10) ഏറ്റവുമൊടുവില്‍ നടന്ന വകുപ്പ് അധ്യക്ഷന്മാരുടെ യോഗത്തില്‍, സ്വതന്ത്രവും നിഷ്പക്ഷവുമായ ഭരണനിര്‍വഹണം പാര്‍ട്ടി ഇടപെടല്‍ മൂലം സാധിക്കാത്ത സാഹചര്യമാണെന്നു ഗവ. സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി പറഞ്ഞിരിക്കുകയാണ്. നിരവധി ഉന്നതോദ്യോഗസ്ഥര്‍ കേരളത്തില്‍നിന്ന് ഡെപ്യുട്ടേഷന്‍ വാങ്ങി പലായനം ചെയ്യുന്നതുമൂലം ഉണ്ടായിട്ടുള്ള ഭരണസ്തംഭനം ഒഴിവാക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടുമോ?

കെട്ടിവച്ചിരിക്കുന്ന കൈകള്‍ അഴിച്ചിട്ടും മൂടിവച്ചിരിക്കുന്ന വായ്തുറന്നും മേല്‍പ്പറഞ്ഞ  ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കണമെന്നും രാജാവ് നഗ്‌നനാണെന്ന് ഇനിയെങ്കിലും തുറന്നു പറയാനുള്ള ധൈര്യം സിപിഎമ്മിന്‍റെ  ദേശീയ നേതൃത്വം കാട്ടണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. അതു ചെയ്തില്ലെങ്കില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്രോതസിന് മുന്നില്‍ സിപിഎം ദേശീയ നേതൃത്വം കീഴടങ്ങിയെന്ന് അണികളും ജനങ്ങളും ഉറക്കെപറയേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല