മുഖ്യമന്ത്രി 'മുടിയനായ പുത്രനെ'ന്ന് മുല്ലപ്പള്ളി; പരിഹാസം എജിക്ക് ക്യാബിനറ്റ് പദവി നൽകിയ തീരുമാനത്തിൽ

Published : Oct 23, 2019, 04:55 PM IST
മുഖ്യമന്ത്രി 'മുടിയനായ പുത്രനെ'ന്ന് മുല്ലപ്പള്ളി; പരിഹാസം എജിക്ക് ക്യാബിനറ്റ് പദവി നൽകിയ തീരുമാനത്തിൽ

Synopsis

''മുഖ്യമന്ത്രിയും മന്ത്രിമാരും പുര കത്തുമ്പോള്‍ വാഴവെട്ടുന്നു...ഇഷ്ടക്കാര്‍ക്ക് കാബിനറ്റ് പദവി നല്‍കുന്നത് പിണറായി സര്‍ക്കാരിന്റെ പതിവ് പരിപാടി...മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപദേശക സംഘത്തിന്റെ ബഹളം...''

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിനും കാബിനറ്റ് പദവി നല്‍കിയതിലൂടെ കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെളിയിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നല്‍ക്കേണ്ട പ്രത്യേക സാഹചര്യം എന്തെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയും നിയമ മന്ത്രിയും തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം ആണ് അഡ്വക്കറ്റ് ജനറലിന് (എജി) ക്യാബിനറ്റ് റാങ്ക് പദവി നല്‍കാന്‍ തീരുമാനിച്ചത്. അഡ്വക്കറ്റ് ജനറലിന്‍റേത് ഭരണഘടനാ പദവിയാണെന്നും നിയമകാര്യങ്ങളില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ഉപദേശിക്കുന്ന നിര്‍ണായക പദവിയെന്ന നിലയില്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ ക്യാബിനറ്റ് പദവി ആവശ്യമാണെന്നും കാട്ടിയാണ് എജിക്ക് ക്യാബിനറ്റ് പദവി നൽകാൻ തീരുമാനമായത്. മറ്റു പല സംസ്ഥാനങ്ങളിലും അഡ്വക്കേറ്റ് ജനറലിന് ക്യാബിനറ്റ് റാങ്ക് പദവിയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.

എന്നാൽ തീരുമാനത്തെ ധൂർത്തെന്ന് വിശേഷിപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ ഇഷ്ടക്കാര്‍ക്ക് കാബിനറ്റ് പദവി നല്‍കുന്നത് പിണറായി സര്‍ക്കാരിന്റെ പതിവ് പരിപാടിയായി മാറിയെന്ന് പരിഹസിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് ഇടതുസര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്ത്. സംസ്ഥാനത്ത് കാബിനറ്റ് റാങ്കുകാരെ തട്ടിയിട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മുല്ലപ്പള്ളി പറയുന്നു. 

ഭരണ പരിഷ്‌ക്കാര കമ്മീഷനും മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനും അടക്കം ക്യാബിനറ്റ് പദവി നൽകുമ്പോൾ ഇവർക്കെല്ലാം ഔദ്യോഗിക വസതി, ജീവനക്കാര്‍, വാഹനം തുടങ്ങിയവക്കും സര്‍ക്കാര്‍ ചെലവാക്കേണ്ടത് കോടികളാണ്. പ്രതിവര്‍ഷം നികുതി ദായകന്റെ എത്ര കോടിയാണ് ഇത്തരം ചെലവുകളായി സര്‍ക്കാര്‍ പാഴാക്കുന്നതെന്ന് പൊതുജനത്തിന് മുന്നില്‍ വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

'സംസ്ഥാനത്തിന് അധിക സാമ്പത്തികബാധ്യത വരുത്തുന്നതാണ് മന്ത്രിസഭാ തീരുമാനം. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിമാര്‍ക്കും. ജീവിക്കാന്‍ കഷ്ടപ്പെടുന്ന ജനതയോടുള്ള പിണറായി സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. ഇഷ്ടക്കാര്‍ നിൽക്കുന്ന ഇത്തരം പ്രത്യേക പദവികള്‍, മാധ്യമ ഉപദേഷ്ടാവ്, സാമ്പത്തിക ഉപദേഷ്ടാവ് ഉള്‍പ്പടെ  മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപദേശക സംഘത്തിന്റെ ബഹളമാണ്. ഇതിനു പുറമെയാണ് ഒരു ലക്ഷത്തിലധികം പ്രതിമാസ ശമ്പളനിരക്കില്‍ അടുത്തകാലത്ത് ലെയ്സണ്‍ ഓഫീസറായി വേലപ്പന്‍ നായരെ നിയമിച്ചതെ'ന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. 

'സുരക്ഷയുടെയും വാഹന ആഡംബരത്തിന്റെയും പേരിൽ കോടികൾ പൊടിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകാര്യങ്ങളിൽ യാതൊരു താൽപര്യവും കാണിക്കുന്നില്ലെന്നും മുല്ലപ്പള്ളി വിമർശിച്ചു. ഓരോ വകുപ്പിലും ആയിരക്കണക്കിന് ഫയലുകളാണ് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. വിദേശയാത്രയുടെ പേരിലും പാവപ്പെട്ട നികുതി ദായകന്റെ പണം മുഖ്യമന്ത്രി ഖജനാവില്‍ നിന്നും പൊടിച്ചു'.

വിദേശപര്യടന വേളയില്‍ മുഖ്യമന്ത്രിയുടെ സ്വകാര്യ സുരക്ഷക്കായി നല്‍കിയതും ലക്ഷങ്ങളാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ലഭിച്ചതെന്നും മുല്ലപ്പള്ളി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ  ഇത്തരം ചെയ്തികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ദില്ലിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയും മുന്‍എംപിയുമായ എ സമ്പത്തിന് ക്യാബിനറ്റ് റാങ്ക് പദവി നല്‍കിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് അഡ്വക്കറ്റ് ജനറലിനും ക്യാബിനറ്റ് പദവി നല്‍കാനുള്ള തീരുമാനം പുറത്തു വന്നത്. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ക്യാബിനറ്റ് പദവി കിട്ടുന്ന അഞ്ചാമത്തെ ആളാണ് അഡ്വക്കേറ്റ് ജനറല്‍.

ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനും, മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ളയ്ക്കും, സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രതിനിധി എ.സമ്പത്തിനും, ചീഫ് വിപ്പ് കെ രാജനും നിലവില്‍ ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കോൺഗ്രസ് ലീഗ് സൈബർ കൂട്ടങ്ങൾക്ക് സംശയം തീരട്ടെ, 20 കോടി രൂപയുടെ കണക്ക് ഇതാ', വയനാട് ടൗൺഷിപ്പിന് നിങ്ങൾ പിരിച്ച തുക തുകയെത്രയെന്ന് വി കെ സനോജ്
കടുപ്പിച്ച് ജി സുധാകരൻ, അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്ന് ജില്ലാ സെക്രട്ടറിയോട് ആവര്‍ത്തിച്ചു; അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം