കെപിസിസി പുനഃസംഘടന: കേരള നേതാക്കൾ ദില്ലിയിലേക്ക്

By Web TeamFirst Published May 26, 2019, 9:27 AM IST
Highlights

നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന പൂർത്തിയാക്കലാണ് ലക്ഷ്യം.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വലിയ വിജയം നേടിയതിന് പിന്നാലെ കെപിസിസി പുനഃസംഘടനയെന്ന ആവശ്യം ശക്തമാവുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള നേതാക്കൾ ഈ ആഴ്ച്ച ദില്ലിക്ക് പോവും. നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന പൂർത്തിയാക്കലാണ് ലക്ഷ്യം. എംപിമാരായി ജയിച്ച വർക്കിംഗ് പ്രസിഡന്റുമാർ തുടരുന്നതിലും യുഡിഎഫ് കൺവീനർ സ്ഥാനത്തിനും ഹൈക്കമാൻഡുമായി ചർച്ച നടത്തും.  

നിലവിലെ സാഹചര്യത്തിൽ കെപിസിസിയിൽ പുനഃസംഘടന അനിവാര്യമാണെന്നായിരുന്നു വട്ടിയുർക്കാവ് എംഎൽഎയും നിയുക്ത വടകര എംപിയുമായ കെ മുരളീധരന്റെ പ്രതികരണം. തെരഞ്ഞെടുപ്പ‌് ഫലം വിലയിരുത്താനായി കെപിസിസി ഭാരവാഹിയോഗവും രാഷ്ട്രീയകാര്യസമിതിയും ചൊവ്വാഴ‌്ച തിരുവനന്തപുരത്ത‌് ചേരുന്നുണ്ട്. ഇതിലും പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകൾ ഉണ്ടാവാനാണ് സാധ്യത.

നിലവിൽ യുഡിഎഫ‌് കൺവീനറായ ബെന്നി ബെഹനാൻ, കെപിസിസി വർക്കിങ‌് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ‌്, കെ സുധാകരൻ, പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ എന്നിവർ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് സംഘടനയിൽ പുനഃസംഘടന അനിവാര്യമായി വന്നത്. ഇവർക്ക് പകരക്കാർ വേണമോയെന്നാണ് പരിശോധിക്കുക. ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിച്ചായിരിക്കും ഇനിയുള്ള തീരുമാനം.

click me!