കെപിസിസി പുനഃസംഘടന; വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തീർന്നില്ലെന്ന് സൂചന

By Web TeamFirst Published Jan 23, 2020, 9:51 PM IST
Highlights

വൈസ് പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും ആദ്യം പ്രഖ്യാപിക്കുമെന്നും വർക്കിംഗ് പ്രസിഡന്‍റുമാർ ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നുമാണ് മുല്ലപള്ളി പറഞ്ഞത്.

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ വർക്കിംഗ് പ്രസിഡന്‍റുമാരെ ചൊല്ലി തർക്കം തീർന്നിട്ടില്ലെന്ന് സൂചന നൽകി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വർക്കിംഗ് പ്രസിഡന്‍റുമാർ ആരാകണമെന്നതിൽ തീരുമാനം ഹൈക്കമാൻഡിന്‍റേതായിരിക്കുമെന്ന് മുല്ലപ്പള്ളി തിരുവനന്തപുരത്ത് വച്ച് പറഞ്ഞു.  ജനപ്രതിനിധികളെ ഭാരവാഹികളാക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡിനോട് പറഞ്ഞതായും മുല്ലപള്ളി വ്യക്തമാക്കി. രണ്ട് ഘട്ടമായിട്ടായിരിക്കും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു. 

വൈസ് പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും ആദ്യം പ്രഖ്യാപിക്കുമെന്നും വർക്കിംഗ് പ്രസിഡന്‍റുമാർ ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നുമാണ് മുല്ലപള്ളി പറഞ്ഞത്. ദിവസങ്ങളായി തുടരുന്ന ഗ്രൂപ്പ് വടംവലികൾക്കൊടുവിൽ കെപിസിസിയുടെ ജംബോ പട്ടിക കോൺഗ്രസ് ഹൈക്കമാന്‍റ് വെട്ടിച്ചുരുക്കിയിരുന്നു. അന്തിമ പട്ടികയിൽ 45 പേരാണ് ഉള്ളതെന്നാണ് വിവരം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാടിനുള്ള പരോക്ഷ പിന്തുണ കൂടിയാണ് ഹൈക്കമാന്‍റ് നടപടിയെന്നാണ് വിലയിരുത്തൽ . 

പുതിയ പട്ടികയിൽ ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, പദ്മജ വേണുഗോപാൽ, ശരത്ചന്ദ്രപ്രസാദ്, പി സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്, കെസി റോസക്കുട്ടി, മൺവിള രാധാകൃഷണൻ, മോഹൻ ശങ്കർ തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരാകും.

കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് ഇത്രയും വലിയ  ഭാരവാഹി പട്ടിക വരുന്നതിൽ സോണിയാ ഗാന്ധി നേരിട്ട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ജനപ്രതിനിധികളായവരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശത്തിൽ ഹൈക്കമാന്‍റ് ഉറച്ച് നിന്നതായാണ് വിവരം. ഇതെ തുടര്‍ന്ന് വിഡി സതീശന്‍,ടിഎന്‍ പ്രതാപന്‍, എപി അനില്‍ കുമാര്‍ എന്നീ നേതാക്കള്‍ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ച് എഐസിസിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. 

പത്ത് വൈസ് പ്രസിഡന്‍റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങന്നതാണ് പുതിയ പട്ടിക, 45 പേരടങ്ങിയ പട്ടിക മുകുൾ വാസ്നികിന് കൈമാറിയിട്ടുണ്ട്. ഈ പട്ടിക സോണിയാ ഗാന്ധി കണ്ട ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.

ഗ്രൂപ്പ് സമവാക്യങ്ങളും തര്‍ക്കങ്ങലും കാരണം ഭാരവാഹികളുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു. പട്ടിക തിരുത്തിയേ തീരു എന്ന കര്‍ശന നിര്‍ദേശവും ഗ്രൂപ്പ് നേതാക്കൾക്ക് ഹൈക്കമാന്‍റ് നൽകിയിരുന്നു. 

click me!