
തിരുവനന്തപുരം: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീടിന്റെ ഗൃഹപ്രവേശം നാളെ. ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് കൃപേഷിന്റെ കുടുംബത്തിന് വേണ്ടി വീടൊരുക്കിയത്. ഗൃഹപ്രവേശത്തിന്റെ കാര്യം ഹൈബി ഈഡന്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്‌ബുക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശിര്‍വാദങ്ങളോടെ താന്‍ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ് എന്നാണ് ഹൈബി ഫേസ്‌ബുക്കില്‍ കുറിച്ചത്. ഒന്നും ഒരു പകരമാകില്ലെങ്കിലും മാധ്യമങ്ങളില്‍ വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം തന്നിലെ പഴയ കെ എസ് യുക്കാരന് കാണാതെ പോകാന്‍ കഴിയില്ലായിരുന്നെന്നും ഹൈബി പറഞ്ഞു.
ഹൈബി ഈഡന്റെ ഫേസ്‌ബുക് കുറിപ്പ്
കാസറഗോഡ് കല്ല്യോട്ട് കൃപേഷിന്റെ ഗൃഹപ്രവേശമാണ് നാളെ (19-04-2019).
കൃപേഷിനെയും ശരത്ത് ലാലിനെയും കൊന്നൊടുക്കിയതിലൂടെ ചോരക്കൊതിയന്മാർ ഇല്ലാതാക്കിയത് കുറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.
സംഭവ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടെയും കണ്ണു നനയിക്കുന്നതായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശീർവാദങ്ങളോടെ ഞാൻ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂർത്തിയാവുകയാണ്.
ഒന്നും ഒരു പകരമാകില്ലെങ്കിലും എന്നിലെ പഴയ കെ.എസ്.യുക്കാരന് ഇത് കാണാതെ പോകാൻ കഴിയുമായിരുന്നില്ല.
നാളെ രാവിലെ 11 മണിക്ക് ഞാനും കുടുംബവും കല്ല്യോട്ട് എത്തും. എന്റെ ജന്മദിനമായ നാളെ ജോഷിയുടെയും കിച്ചുവിന്റെയും നാട്ടിൽ ഞാനുമുണ്ടാകും...
ഇത് എന്റെ മനസാക്ഷിക്ക് ഞാൻ നൽകിയ വാക്ക്....
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam