
പാലക്കാട്: ഇന്ന് എത്രപേർക്ക് കൊവിഡ് ബാധിച്ചു. ടിപിആർ എത്രയാണ്.? രോഗബാധയുടെ തോത് കുറഞ്ഞപ്പോൾ നമ്മളീ കൊവിഡ് കണക്കുകൾ ശ്രദ്ധിക്കാറില്ല. എന്നാൽ ആയിരം ദിവസമായി മുടങ്ങാതെ കൊവിഡ് കണക്കുകൾ ശേഖരിച്ച് ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നൊരു യുവാവുണ്ട് പാലക്കാട്, ഒറ്റപ്പാലത്ത്. മുടങ്ങാതെ കൊവിഡ് കണക്കുകൾ ശേഖരിക്കും. വിവിധ ശ്രേണികളിൽ ക്രമീകരിക്കും. കൃഷ്ണ പ്രസാദിനിത് ദിനചര്യയുടെ ഭാഗം ആയിരം ദിനങ്ങൾ പിന്നിട്ട ഉദ്യമം.
വൈറസ് വ്യാപനത്തിൻ്റെ ആഘാതം കുറഞ്ഞപ്പോൾ, പൊതുമധ്യത്തിൽ നിന്ന് കണക്കുകൾ മാഞ്ഞു. പക്ഷേ, കൃഷ്ണ പ്രസാദിൻ്റെ കൈകളിൽ എല്ലാമുണ്ട്. ഒടുവിലത്തെ കൊവിഡ് ബാധയും മരണവും വാക്സിനേഷൻ നിരക്കും അങ്ങനെ കൊവിഡിൻ്റെ എല്ലാ കണക്കുകളും. ഡിസംബർ 30ന് വിവരശേഖരണത്തിൻ്റെ ആയിരം ദിനം പിന്നിട്ടു. പാലക്കാട് പഴമ്പാലക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ക്ലർക്കാണ് കൃഷ്ണ പ്രസാദ്. കൌതുകത്തിന് തുടങ്ങിയ വിവരശേഖരണം സമ്മാനിച്ചത്, കൊവിഡ് ഡാറ്റാ അനലിസ്റ്റെന്ന വിളിപ്പേര്.
ജോലി കഴിഞ്ഞെത്തുന്ന സമയത്താണ് പണി. എല്ലാ തിരഞ്ഞ് പിടിച്ച് പട്ടികപ്പെടുത്തി പ്രസിദ്ധീകരിക്കും. മാധ്യമങ്ങൾ വിഷയ വിദഗ്ധർ, ഗവേഷകർ എല്ലാവരും ഇപ്പോൾ കൊവിഡ് കണക്കിന് വിളിക്കുന്നത് കൃഷ്ണ പ്രസാദിനെ. വകഭേദങ്ങൾ എത്രമാറിയാലും ആ പണിയിൽ മാറ്റമുണ്ടാകില്ലെെന്ന് കൃഷ്ണ പ്രസാദ്.