
തിരുവനന്തപുരം: കെ എസ് ഇ ബി ചെയര്‍മാനും (kseb chairman)സിഐടിയു(citu) ആഭിമുഖ്യത്തിലുള്ള സമരസമിതിയും തമ്മിലുള്ള പോര് കനക്കുന്നു. അധികാര ദുര്‍വിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇടതുയൂണിയനുകളാണ് അധികാര ദുര്‍വിനിയോഗവും , സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫേസ് ബുക്ക് പേജിലൂടെ ചെയര്‍മാന്‍ തിരിച്ചടിച്ചു.
ചെയര്‍മാന്‍ ഡോ.ബി.അശോക് അധികാര ദുര്‍വിനിയോഗം നടത്തി കെഎസ്ഇബിക്ക് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇടതു യൂണിയനുകള്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്നത്.അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും ആക്ഷേപമുണ്ട്.
ഇതിനുള്ള മറുപടി അക്കമിട്ട് നിരത്തിയാണ് ചെയര്‍മാന്‍ രംഗത്ത് വന്നിരിക്കുന്നത്. എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്‍റെ പ്രധാന ആക്ഷേപം.സര്‍ക്കാരിന്‍റ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി. ഇതിപ്പോള്‍ ഏജിയുടെ വിശദീകരണം തേടലില്‍ എത്തിയിരിക്കുന്നു.
ടൂറീസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയർക്കുമേൽ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി.സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരുപയോഗം ചെയ്തെന്നും ചെയര്‍മാന്‍ ആക്ഷേപിക്കുന്നു.
വൈദ്യുതി ഭവനില്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നിർദേശമനുസരിച്ചാണെന്നും അതിനെ പോലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയര്‍മാന്‍ കെഎസ്ഇബിയുടെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.ഇടതുയൂണിയനുകളും ചെയര്‍മാനും നിലപാടുകളിൽ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി മന്ത്രിയുടേയും സര്‍ക്കാരിന്‍റേയും ഇടപെടല്‍ നിര്‍ണായകമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam