'മാടമ്പിത്തരം വീട്ടിൽ വെച്ചാൽ മതി'; അതിരൂക്ഷ ഭാഷയില്‍കെഎസ്ഇബി ചെയര്‍മാന്‍

By Web TeamFirst Published Apr 29, 2022, 2:19 PM IST
Highlights

ബോർഡംഗങ്ങളെ എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്ന് മാന്യമായി പറയുമെന്നും കയ്യോടെ നടപടിയെടുക്കുമെന്നും ബി അശോക് കേരളശബ്ദം ദ്വൈവാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

തിരുവനന്തപുരം: കെഎസ്ഇബി (kseb) ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് എം ജി സുരേഷ് കുമാറിനെ (M G Suresh Kumar) കടന്നാക്രമിച്ച്  വീണ്ടും കെഎസ്ഇബി ചെയർമാൻ ബി അശോക്. മാടമ്പിത്തരം കാട്ടിയാൽ വെച്ചുപൊറുപ്പിക്കില്ല. ബോർഡംഗങ്ങളെ എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്നു മാന്യമായി പറയുമെന്നും കയ്യോടെ നടപടിയെടുക്കുമെന്നും ബി അശോക് കേരളശബ്ദം ദ്വൈവാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. മാടമ്പിത്തരം കുടുംബത്തു മടക്കിവെച്ച് മര്യാദയ്ക്ക് ജോലിയ്ക്ക് വരണമെന്ന മുന്നറിയിപ്പുമുണ്ട്. മുഖ്യമന്ത്രി വകുപ്പ് ഭരിച്ചപ്പോൾ പോലും സംസ്ഥാന നേതാക്കൾക്കെതിരെ നടപടി ഉണ്ടായിട്ടുണ്ടെന്നും ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നും ഭരണനേതൃത്വത്തിൽ നിന്നുള്ള പിന്തുണ സൂചിപ്പിച്ച്  ബി അശോക് പറഞ്ഞു.  

ഏതെങ്കിലും കമ്പനി ഓഫീസർക്ക് ജലദോഷം പിടിച്ചാൽ ഭരണഘടനാ സ്ഥാനീയർ ആവി പിടിക്കാൻ വരണം എന്ന് പറഞ്ഞാൽ അധികമാകുമെന്നും ചികിത്സയ്ക്ക് കമ്പനി തന്നെ ധാരാളമാണെന്നും അഭിമുഖത്തിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ വിലപേശൽ തന്ത്രം അംഗീകരിക്കില്ല. അഴിമതി ആരോപണങ്ങൾ ചാപ്പിള്ളകളാണ്.  സ്ഥാനത്തിന് വേണ്ട മികവോ കഴിവോ യോഗ്യതയോ ഇല്ലാത്തയാളാണ് എം ജി സുരേഷ്കുമാറെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. യൂണിയൻ നേതാക്കൾ ഉണ്ടാക്കുന്ന ഒച്ചപ്പാടിനും മാധ്യമശ്രദ്ധയ്ക്കും അപ്പുറം പ്രാധാന്യം ബോർഡിലെ പ്രശ്നങ്ങൾക്കില്ലെന്നാണ് അഭിമുഖത്തിന്റെ ചുരുക്കം. 
 

tags
click me!