യൂണിയൻ- ചെയർമാൻ പോര്, വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹത്തിനിറങ്ങി ഇടത് സംഘടന 

By Web TeamFirst Published Apr 11, 2022, 1:16 PM IST
Highlights

സമരം നീണ്ടുപോകുന്നത് കെഎസ്ഇബിയുടെ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമായതോടെയാണ് സിപിഎം ഇടപെട്ടത്. വൈകിട്ട് മുന്‍മന്ത്രി എകെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും.

തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യഗ്രഹവും, നിസ്സഹകരണ സമരവും തുടങ്ങി. ചെയര്‍മാന്‍റെ പ്രതികാര നടപടികളും, സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. 

രണ്ട് മാസത്തെ ഇടവേളക്ക് ശേഷം വൈദ്യുതിബോര്‍ഡ് ആസ്ഥാനം വീണ്ടും ചെയര്‍മാന്‍ ബി അശോകിന്‍റെ നടപടികള്‍ക്കെതിരെ അനിശ്ചിതകാല പ്രതിഷേധത്തിന് വേദിയായി. ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ എം.ജി.സുരേഷ്കുമാര്‍, ബി ഹരികുമാര്‍, ജസ്മിന്‍ ബാനു എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതോടൊപ്പം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ നിസ്സഹകരണ സമരവും ഓഫീസേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃതമായി അവധിയടുത്തുവെന്നാരോപിച്ചാണ് ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിവസം തന്നെ ജാസ്മിന്‍ ബാനുവിനെ  സസ്പെന്‍ഡ് ചെയ്തത്. ഡയസ്നോണ്‍ ഉത്തരവ് തള്ളിയതിനും ചെയര്‍മാനെതിര ദുഷ്പ്രചരണം നടത്തിയതിനുമാണ് സംഘടന ഭാരവാഹികളെ സംസ്പന്‍ഡ് ചെയ്തത്.

കെഎസ്ഇബി തർക്കത്തിൽ സിപിഎം ഇടപെടുന്നു: എകെ ബാലനും മന്ത്രി കൃഷ്ണൻകുട്ടിയും ഇന്ന് ചർച്ച നടത്തും

ചട്ടപ്രകാരമുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന നിലപാടിലാണ് ചെയര്‍മാന്‍ ബി. അശോക്. 
പരസ്യമായി വെല്ലുവിളിക്കുന്ന മധ്യനിര ഓഫീസര്‍മാരുടെ അപ്രമാദിത്യം അംഗീകരിക്കില്ലെന്ന നിലപാടാവർത്തിക്കുകയാണ് ചെയര്‍മാൻ. വൈദ്യുതി മന്ത്രിയും ചെയര്‍മാനെ പിന്തുണക്കുന്നു.

സമരം നീണ്ടുപോകുന്നത് കെഎസ്ഇബിയുടെ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമായതോടെയാണ് സിപിഎം ഇടപെട്ടത്. വൈകിട്ട് മുന്‍മന്ത്രി എകെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. നാളെ തലസ്ഥാനത്തെത്തുന്ന മന്ത്രി, കെഎസ്ഈബി ചെയര്‍മാനുമായും, ഓഫീസേഴ്സ അസോസിയേഷന്‍ നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതോടെ സമവായ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

KSEB : 'അച്ചടക്കത്തിൽ വിട്ടുവീഴ്ചയില്ല, സംഘടനകൾ സാമാന്യ മര്യാദ പുലർത്തണം'; ആരോപണങ്ങൾ തളളി കെഎസ്ഇബി ചെയർമാൻ


 

click me!