
പാലക്കാട്: അട്ടപ്പാടിയിൽ ചീരക്കടവിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടയിൽ കെഎസ്ഇബി താത്കാലിക ജീവനക്കാരൻ മരിച്ച സംഭവം ഉദ്യോഗസ്ഥ അനാസ്ഥയെന്ന് ആരോപണം. ജോലിക്കിടെ വൈദ്യുതി തൂണിൽ നിന്നുള്ള കമ്പി സമീപത്തെ ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റാണ് നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) മരിച്ചത്. ഹൈടെൻഷൻ ലൈനിൽ വൈദ്യുതി കടത്തിവിട്ടത് ഉദ്യോഗസ്ഥർ അറിയിച്ചില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് നഞ്ചനൊപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ പറയുന്നത്.
ഹൈടെൻഷൻ ലൈനിൽ വൈദ്യുതി കടത്തിവിട്ടത് അറിയാതെയാണ് നഞ്ചൻ പോസ്റ്റ് പൊക്കിയതും അപകടം സംഭവിച്ചതെന്നും കരാ൪ തൊഴിലാളിയായ പി.രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോസ്റ്റ് സ്ഥാപിക്കാനായി ഉയ൪ത്തുമ്പോൾ ചാ൪ജ് ചെയ്ത വിവരം ഓവ൪സിയ൪ അറിയിച്ചില്ല. പോസ്റ്റ് ഉയ൪ത്താനായി നിന്ന മറ്റ് അഞ്ച് പേ൪ക്കും ഷോക്കേറ്റ് നിസാര പരിക്കുകൾ പറ്റിയെന്നും രാജു പറഞ്ഞു.
വൈദ്യുതി ചാ൪ജ് ചെയ്ത വിവരം തൊഴിലാളികളോട് പറഞ്ഞിരുന്നതായാണ് കെഎസ്ഇബി കോട്ടത്തറ അസി.എഞ്ചിനിയ൪ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. സ്ഥിരം ചെയ്യാറുള്ളത് പോലെ തന്നെയാണ് പ്രവൃത്തി നടന്നത്. ഓവ൪സിയറുടെ മുഴുവൻ സമയ നിരീക്ഷണത്തിലായിരുന്നു പ്രവൃത്തി. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികൾക്കൊന്നും പരിക്കു പറ്റിയിട്ടില്ല. ശെൽവൻ തെറിച്ചു വീണ് തലയ്ക്ക് പരിക്കേറ്റാണ് മരിച്ചത്. ഹൈടെൻഷനിൽ ചാ൪ജ് ചെയ്ത കാര്യം പറഞ്ഞ ശേഷമാണ് പോസ്റ്റ് ഉയ൪ത്തിയതെന്നും എ.ഇയുടെ വിശദീകരിക്കുന്നു.