'ജീവനക്കാരെ മര്‍ദ്ദിച്ചാല്‍ കടുത്ത ശിക്ഷ'; നാട്ടുകാര്‍ക്കെല്ലാം കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്

By Web TeamFirst Published Jun 15, 2019, 1:19 PM IST
Highlights

തങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയോ ജീവനക്കാരെ മര്‍ദ്ദിക്കുകയോ ചെയ്‌താല്‍ ലഭിക്കാനിടയുള്ള ശിക്ഷയെക്കുറിച്ച്‌ കെ.എസ്‌.ഇ.ബി ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ്‌

തിരുവനന്തപുരം: വൈദ്യുതി തടസ്സപ്പെട്ടതിന്റെ പേരില്‍ ചീത്തവിളിയും മര്‍ദ്ദനമുറകളുമായി ഓഫീസിലേക്കെത്തുന്ന പൊതുജനങ്ങള്‍ക്ക്‌ മുന്നറിയിപ്പുമായി കെഎസ്‌ഇബി. തങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയോ ജീവനക്കാരെ മര്‍ദ്ദിക്കുകയോ ചെയ്‌താല്‍ ലഭിക്കാനിടയുള്ള ശിക്ഷയെക്കുറിച്ച്‌ കെ.എസ്‌.ഇ.ബി ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ്‌.

പൊതുജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌ എന്ന തലക്കെട്ടോടെയാണ്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. കെ.എസ്‌.ഇ.ബി ജീവനക്കാരെ ജോലി ചെയ്യുന്നതില്‍ നിന്ന്‌ തടസ്സപ്പടുത്തിയാല്‍ 3 മാസം തടവും പിഴയും ശിക്‌ഷയായി ലഭിക്കുമെന്ന്‌ പോസ്‌റ്റില്‍ പറയുന്നു. ജീവനക്കാരെ മര്‍ദ്ദിച്ചാല്‍ ലഭിക്കുന്ന ശിക്ഷ എന്താണെന്നും ഓഫീസില്‍ അതിക്രമിച്ചു കയറി വസ്‌തുവകകള്‍ നശിപ്പിച്ചാല്‍ എന്ത്‌ ശിക്ഷ ലഭിക്കുമെന്നുമെല്ലാം വകുപ്പുകള്‍ സഹിതം വിശദമാക്കിയിട്ടുണ്ട്‌.

ഫേസ്‌ബുക്ക്‌ പോസ്‌റ്റിനെ പ്രതികൂല കമന്റുകള്‍ കൊണ്ട്‌ നിറയ്‌ക്കുകയാണ്‌ ഉപഭോക്താക്കള്‍. വിളിച്ചാല്‍ ഫോണെടുക്കാതിരിക്കുക, ഉപഭോക്താക്കളോട്‌ അപമര്യാദയായി പെരുമാറുക, കൃത്യമായി ജോലി ചെയ്യാതിരിക്കുക എന്നിവയൊക്കെ ഏതു വകുപ്പില്‍ വരുന്ന കുറ്റമാണെന്ന്‌ വ്യക്തമാക്കണമെന്നാണ്‌ പലരും ആവശ്യപ്പെട്ടിരിക്കുന്നത്‌. നന്നായി ജോലി ചെയ്‌താല്‍ ആരും ചീത്തവിളിയുമായി വരില്ലല്ലോ എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്‌.

click me!