
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ ശ്രീ എമ്മിനെ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി വിവാദം മുറുകുന്നു. പരിപാടി ബഹികരിക്കുമെന്ന് ഭരണ - പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍പെട്ട ആത്മിയ വ്യക്തിത്വത്തെ, പൊതുമേഖലസ്ഥാപനത്തില്‍ കൊണ്ടുവരുന്നത് ശരിയല്ലെന്നാണ് ആക്ഷേപം. എന്നാല്‍ പ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നാണ് കെ എസ് ഇ ബി മാനേജ്മെന്‍റിന്‍റെ പ്രതികരണം.
സംഭവം ഇങ്ങനെ
വൈദ്യുതി ബോര്‍ഡിന്‍റെ 65ാം വര്‍ഷികത്തോടനുബന്ധിച്ചാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ, പ്രഭാഷണ പരമ്പരക്കായി ക്ഷണിച്ചിരിക്കുന്നത്. യോഗയിലൂടെ സമ്മര്‍ദ്ദരഹിതമായ ജീവിതവും, ജോലിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനാണ് ശ്രീ എമ്മിനെ ക്ഷണിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 12നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പരിപാടി ബഹിഷ്കരിക്കുമെന്ന് ആദ്യം അറിയിപ്പ് നല്‍കിയത് സി ഐ ടി യു ആഭിമുഖ്യത്തിലുള്ള കെ എസ് ഇ ബി വര്‍ക്കഴ്സ് അസോസിയേഷനാണ്. നാനാ ജാതി മത്സഥരും മതവിശ്വാസമില്ലാത്തവരും ജോലി ചെയ്യുന്ന കെ എസ് ഇ ബി യില്‍ പ്രത്യേക വിശ്വാസം മുറുകെപിടിക്കുന്ന ആത്മീയാചാര്യന്‍മാരെ കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്ന് സംഘടന വ്യക്തമാക്കി.
ഇതിന് പിന്നാലെ ഐ എന്‍ ടി യു സി ആഭിമുഖ്യത്തിലുള്ള പവര്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസും നിലപാട് പ്രഖ്യാപിച്ച് രംഗത്തെത്തി. ശ്രീ എമ്മിന്‍റെ പരിപാടിയില്‍ സഹകരിക്കില്ലെന്ന് പവര്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിന്‍കര വ്യക്തമാക്കി.
അതേസമയം നിശ്ചയിച്ച പ്രഭാഷണ പരമ്പരയുമായി മുന്നോട്ട് പോകുമെന്നാണ് കെ എസ് ഇ ബി നിലപാട്. ശ്രീ എമ്മിന്‍റെ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു ജീവനക്കാരനേയും നിര്‍ബന്ധിക്കുന്നില്ലെന്നും, ആക്ഷപങ്ങളില്‍ കഴമ്പില്ലെന്നും കെ എസ് ഇ ബി മാനേജ്മെന്‍റ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam