
തിരുവനന്തപുരം: കെഎസ്ഇബിയുടെ ട്രാൻസ് ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ അഴിമതി ആരോപണം വികസനം തടസപ്പെടുത്തുന്നതാണെന്ന് മന്ത്രി എംഎം മണി. ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ എസ്റ്റിമേറ്റ് ഉയർത്തി നൽകിയതിൽ അപാകതയില്ലെന്ന് പറഞ്ഞ മന്ത്രി യുഡിഎഫ് സർക്കാരിന്റെ കാലത്തും ഇങ്ങിനെ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.
നിയമസഭയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റെത് വികസനം തടസപ്പെടുത്തുന്ന നിലപാടാണെന്ന് കുറ്റപ്പെടുത്തിയ വൈദ്യുതി മന്ത്രി, ടെണ്ടർ തുക ഉയർത്തുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് കെ എസ് ഇ ബിക്ക് ബാധകമല്ലെന്ന് ആവർത്തിച്ചു.
സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് മന്ത്രി മണിയുടെ പ്രസ്‌താവനയെന്നാണ് രമേശ് ചെന്നിത്തല ഇതിനോട് പ്രതികരിച്ചത്. സർക്കാരും കെഎസ്ഇബിയും ഉൾപ്പെട്ട ത്രികക്ഷി കരാർ നിലവിലുണ്ടെന്നും സർക്കാർ ഉത്തരവ് ബാധകമാണെന്നും പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. പിന്നാലെ സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിലെത്തി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. എന്നാൽ പിന്നീട് അംഗങ്ങൾ അവരവരുടെ സീറ്റുകളിലേക്ക് മടങ്ങി.
അഴിമതി ആക്ഷേപം ഉണ്ടെങ്കിൽ രേഖാ മൂലം ഉന്നയിക്കണമെന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോട് മന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam