കെഎസ്എഫ്ഇ പരിശോധന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

By Web TeamFirst Published Nov 30, 2020, 9:02 AM IST
Highlights

ബ്രാഞ്ച് മാനേജർമാർ വ്യാപകമായി പണം വകമാറ്റുന്നു, മാനേജർമാരുടെ ഒത്താശയോടെ ബിനാമി ഇടപാടുകൾ വ്യാപകമായി നടക്കുന്നു തുടങ്ങി ദുരുതര ക്രമക്കേടാരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്.

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ മിന്നൽ പരിശോധന ഗൂഢാലോചനയാണെന്ന ധനമന്ത്രിയുടെ വാദം തള്ളി വിജിലൻസിൻറെ രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്. അഞ്ചു ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയാണ് മിന്നൽ പരിശോധനക്ക് വിജിലൻസ് ആസ്ഥാനത്തു നിന്നും നിർദ്ദേശം നൽകിയത്. ഈ മാസം 10ന് പരിശോധനക്ക് ഉത്തരവിട്ട വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ തന്നെയാണ് ഓപ്പറേഷൻ ബച്ചത്ത് എന്ന പേരിട്ടത്.
 
ഓപ്പറേഷൻ ബച്ചത്ത് വിജിലൻസിൻറെ ഗൂഡാലോചനയാണെന്ന് ധനമന്ത്രിയും സിപിഎം നേതാക്കളും ആരോപിക്കുമ്പോഴാണ് രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത്. ചിട്ടിയിൽ ചേരുന്നവർ നൽകുന്ന പണം ട്രഷറിയിലോ ബാങ്കിലോ അടക്കുന്നില്ലെന്നും പൊള്ള ചിട്ടിയുള്ള ഉദ്യോഗസ്ഥരുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമെല്ലാം റിപ്പോർട്ടിലുണ്ട്. രഹസ്യന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഡയറക്ടറും ഐജിയും വിജിലൻസ് ആസ്ഥാന എസ്പിയും ചർച്ച ചെയ്ത ശേഷമാണ് ഓപ്പറേഷൻ ബച്ചത്തിന് തീരുമാനമെടുത്തത്. 

ഈ മാസം 10 ന് പരിശോധനക്കായി ഉത്തരവിട്ടുവെങ്കിലും പാലാരിവട്ടം കേസിൽ ഇബ്രാഹിംകുഞ്ഞിൻറെ അറസ്റ്റുണ്ടായതോടെ നീട്ടിവച്ചു. 26ന് നടത്താനാണ് എസ്പിമാർക്ക് നിർദ്ദേശം വിജിലൻസ് ആസ്ഥാനത്തുനിന്നും ഇറക്കിയത്. അന്ന് പണിമുടക്കായതിനാൽ 27ന് 40 ശാഖകളിൽ റെയ്ഡ് നടന്നു. രഹസ്യന്വേഷണ വിവരം ശരിവയ്ക്കുന്ന വിവരങ്ങളാണ് 36 ശാഖകളിലെ പരിശോധനയിൽ കണ്ടെത്തിയെന്നാണ് വിജിലൻസ് പറയുന്നത്.

അഞ്ചാം തീയതിവരെ അവധിയിലുള്ള ഡയറക്ട സുധേഷ് കുമാർ മൂന്നിന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഇതിനുശേഷമായിരിക്കും ഓപ്പറേഷൻ ബച്ചത്തിൻറ റിപ്പോർട്ട് സർക്കാരിന് നൽകുക. തുടർ നടപടികളിൽ മെല്ലെപ്പോക്കാൻ രാഷ്ട്രീയ തീരുമാനം ഇതിനകം വന്നു . പക്ഷേ രഹസ്യാന്വേഷണ റിപ്പോർട്ടും തുടർപരിശോധനാ റിപ്പോർട്ടും ക്രമക്കേട് കണ്ടെത്തിയിരിക്കെ വിജിലൻസ് ഡയറക്ടർ സർക്കാറിന് നൽകുന്ന ശുപാർശകളിൽ വെള്ളം ചേർത്താൽ വിവാദമാകുമെന്നുറപ്പാണ്.  

click me!