കെഎസ്എഫ്ഇ: വിജിലൻസ് പരിശോധിച്ചത് എന്തെന്ന് അറിയിക്കാൻ ധനവകുപ്പ് നിർദ്ദേശം, ആഭ്യന്തര ഓഡിറ്റ് നടത്തും

By Web TeamFirst Published Nov 29, 2020, 3:35 PM IST
Highlights

കെഎസ്എഫ്ഇ യിലെ പരിശോധനയിൽ വിജിലൻസ് നാളെ ഓദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കും. പരിശോധനയുടെ വിവരങ്ങൾ എസ്പിമാർ ഉടൻ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ടായി നൽകും

തിരുവനന്തപുരം: വിജിലൻസ് സംഘം കെഎസ്എഫ്ഇയുടെ 36 ശാഖകളിലും എന്താണ് പരിശോധിച്ചത് എന്ന് വ്യക്തമാക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം. ഇതേത്തുടർന്ന് കെഎസ്എഫ്ഇയിൽ ആഭ്യന്തര ഓഡിറ്റിങിന് ഉത്തരവിട്ടു. വിജിലൻസിനെതിരെ ധനമന്ത്രിക്ക് പിന്തുണയുമായി  ആനത്തലവട്ടം അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നു. സിപിഎം തന്നെ വിഷയം ചർച്ച ചെയ്യാൻ തീരുമാനമെടുത്തു.

കെഎസ്എഫ്ഇ യിലെ പരിശോധനയിൽ വിജിലൻസ് നാളെ ഓദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കും. പരിശോധനയുടെ വിവരങ്ങൾ എസ്പിമാർ ഉടൻ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ടായി നൽകും. ധനമന്ത്രി തന്നെ വിജിലൻസ് കണ്ടെത്തലിനെ തള്ളിപ്പറ‍ഞ്ഞ സാഹചര്യത്തൽ വിജിലൻസിന്റെ അടുത്ത നീക്കം പ്രധാനമാണ്. വിജിലൻസ് ഡയറക്ടർ എസ്പിമാരുടെ കണ്ടെത്തലുകൾ ചേർത്താണ് ആഭ്യന്തരവകുപ്പിന് റിപ്പോർട്ടായി കൈമാറുക. ധനമന്ത്രി എതിർത്ത സാഹചര്യത്തിൽ ആഭ്യന്തരവകുപ്പ് എന്ത് തുടർ നടപടി എടുക്കും എന്നുള്ളതും നിർണ്ണായകമാണ്.

കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പിൽ വൻ ക്രമക്കേടെന്നാണ് വിജിലൻസ് വാദം. ചിട്ടിയുടെ മറവിൽ കള്ളപ്പണം വെളിപ്പിക്കാൻ ശ്രമം നടത്തുണ്ടെന്നും ജീവനക്കാർ ബിനാമിപ്പേരിൽ ചിട്ടികളിൽ ചേരുന്നുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. ചിലവ്യക്തികൾ സ്വന്തം പേരിലും ബിനാമിപ്പേരിലും ഇത്തരം വൻചിട്ടികളിൽ ചേരുന്നതാണ് സംശയം കൂട്ടുന്നത്. ഇത്തരക്കാ‌ർ അടിക്കുന്ന ചിട്ടികൾ മാത്രമേ തുടരുന്നുള്ളൂ. ചിട്ടിയിൽ ചേരാൻ ആളുകളെ തികയാതെ വന്നാൽ കെഎസ്എഫ്ഇ മാനേജറും ജീവനക്കാരും തന്നെ ബിനാമിപ്പേരിൽ ചേർന്ന് എണ്ണം തികക്കും. ആദ്യ നറുക്കെടുപ്പോ ലേലത്തിനോ ശേഷം എഴുതിച്ചേർക്കുന്ന ചിട്ടികളിൽ മാസവരി നൽകുന്നില്ല. ചിറ്റാളന്മാരുടെ ചെക്ക് പണമായി മാറ്റുന്നതിന് മുമ്പെ അവരെ ചിട്ടിയിൽ പങ്കെടുക്കാൻ അനുമതി നൽകുന്നു എന്നിവയാണ് മറ്റ് ക്രമക്കേടുകൾ.

എന്നാൽ കണ്ടെത്തലുകൾ ശുദ്ധ അസംബന്ധമാണെന്ന് പറഞ്ഞ് വിജിലൻസിനെ ധനമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞു. ധനമന്ത്രി തള്ളുമ്പോഴും ഒരു മാസമായി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിജിലൻസിന്റെ വിശദീകരണം. 35 ശാഖകളിലും ക്രമക്കേട് കണ്ടെത്തി. ട്രഷറിയിലേക്ക് കെഎസ്എഫ്ഇ അന്നന്നു പണമടക്കേണ്ട കാര്യമില്ലെന്നും മുടങ്ങുന്ന ചിട്ടികളിൽ പകരം ആളെ ചേർക്കുന്നത് തെറ്റല്ലെന്നും കെഎസ്എഫ്ഇ ചെയർ‍മാൻ പറഞ്ഞു.

click me!