
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആര്‍ടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. പുഴയോട് ചേര്‍ന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആര്‍ടിസി ബസ്. അപകടത്തെ തുടര്‍ന്ന് ബസിന്‍റെ മുൻഭാഗം പൂര്‍ണമായും പുഴയിൽ മുങ്ങിപോയി. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പാലത്തിനോട് ചേര്‍ന്നുള്ള കലുങ്കിൽ ഇടിച്ച് ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലോളം പേരെ പുഴയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്.
ബസിന്‍റെ മുൻഭാഗത്തിനും പുഴയ്ക്കും ഇടയില്‍ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. ഹൈഡ്രാളിക് കട്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ബസിന്‍റെ ഭാഗങ്ങള്‍ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്രമം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇനിയും മറ്റാരെങ്കിലും അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു സ്ത്രീ മരിച്ചു, പുഴയില്‍ തെരച്ചിൽ തുടരുന്നു
അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. 40ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും തിരുവമ്പാടിയിലെയും മുക്കത്തെയും ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്.
ലഹരി ഉപയോഗത്തെ ചൊല്ലി തര്‍ക്കം; കോട്ടയത്ത് മകൻ അച്ഛനെ കുത്തിക്കൊന്നു, പ്രതി അറസ്റ്റിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam