
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ അടിക്കടിയായുണ്ടാകുന്ന വാഹനാപകടങ്ങളിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം അപകടങ്ങൾ പതിവാകുകയാണെന്ന ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ ഉടൻ വിളിച്ച് പരാതി സമഗ്രമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അപകടങ്ങളിലെല്ലാം കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ടതായിരുന്നു. ഇന്ന് പുലർച്ചെ ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരനാണ് മരിച്ചത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇടപെടലെത്തിയിരിക്കുന്നത്. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കളക്‌ടറുടെ യോഗത്തിൽ കെഎസ്ആർടിസി എംഡി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ, റോഡ് സുരക്ഷാ കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി ( സിറ്റി - റൂറൽ ) ട്രാഫിക് അസിസ്റ്റന്‍റ് കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുക്കണം. അപകടങ്ങൾ വർധിക്കുന്നതിന്‍റെ കാരണങ്ങൾ പരിശോധിച്ച് അവ ഒഴിവാക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നൽകണം. യോഗത്തിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കോർപ്പറേഷൻ എംഡി, റോഡ് സുരക്ഷാ കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി എന്നിവർ ഒരു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. ജില്ലാ കളക്ടറുടെ പ്രതിനിധിയും മറ്റ് ഉദ്യോഗസ്ഥരുടെ പ്രതിനിധികളും മാർച്ച് 18 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തുന്ന സിറ്റിംഗിൽ നേരിൽ ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്. കെഎസ്ആർടിസി ബസുകളുടെ ഡ്രൈവർമാരുടെ മരണപാച്ചിൽ കാരണം ജനങ്ങൾ ഭീതിയിലാണെന്നാണ് പരാതി. ഒരാഴ്ചക്കിടെയുണ്ടായ അപകടങ്ങളിൽ കാരയ്ക്കാമണ്ഡപത്ത് ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ ഗോപകുമാർ ബസ് അപകടത്തിൽ മരിച്ചു. കഴക്കൂട്ടത്ത് നടന്ന അപകടത്തിൽ യുവതിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി, പിന്നാലെ യുവതി മരിച്ചു. കണിയാപുരത്ത് ബസ് സ്കൂട്ടറിൽ ഇടിച്ച് പള്ളിപ്പുറം സ്വദേശി മരിച്ചു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും റോഡിന് നടുക്ക് ബസ് നിർത്തുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതിയുണ്ട്. ഡ്രൈവർമാർക്ക് വിശ്രമം ലഭിക്കുന്നില്ലെന്നും പരാതിയുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam