
കോഴിക്കോട്: കെഎസ്‍ആര്‍ടിസി ബസിൽ കണ്ടക്ടറെ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതി 36 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിൽ. മൈസൂരുവിൽ വച്ചാണ് മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി വി കെ ജോസിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ താമസസ്ഥലത്ത് നിന്ന് തോക്കടക്കം പൊലീസ് കണ്ടെത്തി.
1990ലാണ് തിരുവമ്പാടി- കൂമ്പാറ റൂട്ടിലോടുന്ന കെഎസ്‍ആര്‍ടിസി ബസിലെ കണ്ടക്ടറെ പ്രതിയായ ജോസ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയത്. തിരുവമ്പാടി പൊലീസ് അന്ന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മോഷണത്തിന് പിന്നാലെ മൈസൂരുവിലേക്ക് കടന്ന പ്രതി, ശിവകുമാർ എന്ന പേരിൽ വിവിധ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഇയാൾ വീട്ടിൽ പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് ഭാര്യ പൊലീസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. പരാതി പരിശോധിക്കാൻ എത്തിയ നരസിംഹരാജ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് 36 വർഷങ്ങൾക്ക് ശേഷ കേസിലെ ചുരുളഴിച്ചത്.
ജോസിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പൊലീസ് ഇവരുടെ താമസസ്ഥലം പരിശോധിച്ചു. ഇതിനിടയിലാണ് കിടക്കയുടെ അടിയിൽ നിന്നും തോക്കും തിരിച്ചറിയൽ രേഖകളും ലഭിക്കുന്നത്. പിന്നാലെ കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവമ്പാടി എസ്ഐയും സംഘവും മൈസൂരുവിലെത്തി പ്രതിയെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam