അടിമുടി മാറാനൊരുങ്ങി കെഎസ്ആ‍‌ർടിസി; 10 വർഷത്തേക്ക് പരസ്യം ചെയ്യാൻ അവസരം, സ്പോൺസർഷിപ്പ് വഴി പുതിയ ബസുകൾ നിരത്തിലേക്ക്

Published : Sep 08, 2026, 01:03 PM IST
KSRTC Bus

Synopsis

കെഎസ്ആർടിസിയിൽ പുതിയ സ്പോൺസർഷിപ്പ് പദ്ധതിക്ക് തുടക്കമായി. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്പോൺസർ ചെയ്യാം. ഇതിലൂടെ 10 വർഷത്തേക്ക് വാഹനത്തിൽ പരസ്യം നൽകാനുള്ള അവസരവും ലഭിക്കും. സ്പോൺസർ ചെയ്ത ബസുകളുടെ പൂർണ നിയന്ത്രണവും വരുമാനവും കെഎസ്ആർടിസിക്ക് ആയിരിക്കും.

തിരുവനന്തപുരം: പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരമൊരുക്കി സംസ്ഥാന സ‍‌ർക്കാ‍ർ. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായാണിത്. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനും കാലാവധി പൂർത്തിയാക്കിയ വാഹനങ്ങൾക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കോർപറേഷന് ബസുകൾ സ്പോൺസർ ചെയ്യാം. ഇതിനായുള്ള വിശദമായ മാർഗനിർദേശങ്ങൾ കെഎസ്ആർടിസി പുറത്തിറക്കിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്ക് പുറമെ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ സംഭാവന നൽകാവുന്നതാണ്. 9 മുതൽ 15 മീറ്റർ വരെ നീളമുള്ള എ.സി പ്രീമിയം ബസുകൾ, എ.സി സീറ്റർ, എ.സി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയവയാണ് പദ്ധതിപ്രകാരം സ്വീകരിക്കുന്നത്. വാഹനങ്ങൾ നേരിട്ട് വാങ്ങി നൽകുകയോ അല്ലെങ്കിൽ അതിനായുള്ള തുക കോർപറേഷന് കൈമാറുകയോ ചെയ്യാം. സാമ്പത്തിക സഹായമായാണ് നൽകുന്നതെങ്കിൽ ടെൻഡർ നടപടികളിലൂടെ കെഎസ്ആർടിസി തന്നെ വാഹനം വാങ്ങും.

പൂർണ നിയന്ത്രണം കോർപറേഷന്

സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന ബസുകൾ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ പേരിലായിരിക്കും രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് ഇവ കോർപറേഷന്റെ സ്ഥിരം ആസ്തിയായി മാറും. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പൂർണ അധികാരം കെഎസ്ആർടിസിക്കായിരിക്കും. സ്പോൺസർ ചെയ്യുന്നവർ നിർദേശിക്കുന്ന റൂട്ടുകൾ നിലവിലെ സർവീസുകൾക്ക് പകരമാണെങ്കിൽ അതിനനുസരിച്ച് ക്രമീകരണം ഏർപ്പെടുത്തും.

പുതിയ സർവീസാണ് ആവശ്യപ്പെടുന്നതെങ്കിൽ ഇന്ധനച്ചെലവും അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ലഭ്യമാക്കിയാൽ മാത്രമേ പരിഗണിക്കുകയുള്ളൂ. ഇതിനായി പ്രത്യേക ധാരണാപത്രം ഒപ്പുവെക്കാവുന്നതാണ്. എന്നിരുന്നാലും സാമ്പത്തിക സാഹചര്യവും ജനങ്ങളുടെ ആവശ്യവും പരിഗണിച്ച് സമയക്രമത്തിലും റൂട്ടിലും മാറ്റംവരുത്താനുള്ള അധികാരം കോർപറേഷനിൽ നിക്ഷിപ്തമാണ്.

പരസ്യങ്ങൾ നൽകാം

ബസ് സ്പോൺസർ ചെയ്യുന്നവർക്ക് 10 വർഷത്തേക്ക് വാഹനത്തിൽ പരസ്യം നൽകാൻ അവസരം നൽകും. നിബന്ധനകൾ പാലിച്ച് വാഹനത്തിന്റെ മുൻവശവും ഗ്ലാസുകളും ഒഴിവാക്കി പുറംഭാഗത്ത് 60 ശതമാനം വരെ പരസ്യം പ്രദർശിപ്പിക്കാം. വാഹനത്തിന് ഉള്ളിൽ 30 ശതമാനം സ്ഥലത്തും പരസ്യത്തിന് അനുമതിയുണ്ട്. ഇതിന് പുറമെ സ്ഥാപനത്തിന്റെ പേര് ഉൾപ്പെടുത്തി 'സ്പോൺസേർഡ് ബൈ' എന്ന് വാഹനത്തിൽ എഴുതാനും സാധിക്കും. എന്നാൽ മതപരമോ രാഷ്ട്രീയമോ നിയമവിരുദ്ധമോ സങ്കുചിതമോ ആയ പരസ്യങ്ങൾ അനുവദിക്കില്ല. പരസ്യ മാതൃകകൾ കോർപറേഷൻ മുൻകൂട്ടി അംഗീകരിച്ചിരിക്കണം. കോർപറേഷനിലെ മറ്റ് ബസുകളുടേതിന് സമാനമായ നിറം തന്നെയാകും ഇവയ്ക്കും നൽകുക. വാഹനത്തിന് രൂപമാറ്റം വരുത്തേണ്ടി വന്നാൽ സ്പോൺസറെ മുൻകൂട്ടി അറിയിക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി കോർപറേഷനിലെ മാർക്കറ്റിങ് പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് ജി.എസ് അരുൺ (9539202020), സജയകുമാർ (9744887783) എന്നിവരെയും കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉള്ളവർക്ക് യൂസഫ് (9947441808) എന്നിവരെയും വിളിക്കാം. എറണാകുളം, തൃശൂർ ജില്ലക്കാർക്ക് ഒ.പി അനൂബ് (9846655449), പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലക്കാർക്ക് എസ്. ശ്രീകാന്ത് നായർ (9847089578) എന്നിവരുമായി ബന്ധപ്പെടാം. പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ റിജു (8075025794), കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ റഫീഖ് (9846512673) എന്നിവരാണ് ഇതിന്റെ ചുമതലക്കാർ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളം ഇരുട്ടിലേക്ക്? വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും, കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി
മാസപ്പടി കേസ്: നിർണായക നീക്കവുമായി ഇഡി; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് കത്ത് നൽകി