കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം; ഇന്ന് റദ്ദാക്കിയത് 580 സര്‍വ്വീസുകൾ,ശമ്പള വിതരണം മുടങ്ങി

By Web TeamFirst Published Oct 3, 2019, 8:27 PM IST
Highlights

തുടര്‍ച്ചായി 179 ദിവസം ജോലിയിലുണ്ടായിരുന്ന താത്കാലിക ഡ്രൈവര്‍മാരെ ജൂണ്‍ 30 മുതല്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ സര്‍വ്വീസുകള്‍ തടസപ്പെടാതിരിക്കാന്‍ ഇവരില്‍ ചിലരെ പല യൂണിറ്റുകളിലും ദിവസവേതാനാടിസ്ഥാനത്തില്‍ വീണ്ടും നിയോഗിച്ചിരുന്നു.

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 2320 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍സിയിൽ പ്രതിസന്ധി രൂക്ഷം. 580 സര്‍വ്വീസുകളാണ് ഇന്ന് റദ്ദ് ചെയ്തത്. സാമ്പത്തിക നില മോശമായതിനാല്‍ ശമ്പള വിതരണവും മുടങ്ങി.

തുടര്‍ച്ചായി 179 ദിവസം ജോലിയിലുണ്ടായിരുന്ന താത്കാലിക ഡ്രൈവര്‍മാരെ ജൂണ്‍ 30 മുതല്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ സര്‍വ്വീസുകള്‍ തടസപ്പെടാതിരിക്കാന്‍ ഇവരില്‍ ചിലരെ പല യൂണിറ്റുകളിലും ദിവസവേതാനാടിസ്ഥാനത്തില്‍ വീണ്ടും നിയോഗിച്ചിരുന്നു. ഇതിനെതിരെ പി എസ് സി ലിസ്റ്റിലുണ്ടായിരുന്നവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നൽകിയത്. താത്കാലിക ഡ്രൈവര്‍മാരെ ഒഴിവാക്കിയതോടെ, ശരാശരി 4700 സര്‍വ്വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിയില്‍ ഇന്ന് 580 സര്‍വ്വീസുകളാണ് മുടങ്ങിയത്.

യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ ബസുകൾ മുടങ്ങാതിരിക്കാന്‍ യൂണിറ്റുകള്‍ക്ക് കെഎസ്ആര്‍ടിസി നിര്‍ദ്ദേശം നല്‍കി. സ്ഥിരം ഡ്രൈവര്‍മാരോട് അവധി  നിയന്ത്രിച്ച് സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. സര്‍ക്കാര്‍ സഹായം കിട്ടാത്തും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതുമാണ് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും ജിവനക്കാരുടെ സംഘടന പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ്.

click me!