
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെൻഷൻ വിതരണത്തിനായി 140 കോടി രൂപ വായ്പയായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മാർച്ച്, ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്യാനാണ് തുക അനുവദിച്ചിരിക്കുന്നത്. കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ വീണ്ടും വീഴ്ച വന്നതോടെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു.
വ്യാഴാഴ്ച്ചക്കകം പെൻഷൻ നൽകണമെന്ന് നിർദ്ദേശിച്ച കോടതി, അതുണ്ടായില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും ഉത്തരവിട്ടിരുന്നു. എല്ലാം മാസവും അഞ്ചാം തീയതിക്കകം പെൻഷൻ നൽകണമെന്നായിരുന്നു നേരത്തെ ഹൈക്കോടതിയുടെ ഉത്തരവ്. ഇത് പാലിക്കപ്പെടാതായതോടെയാണ് കോടതിയുടെ ഇടപെടൽ.
ശമ്പളവിതരണം, പെൻഷൻ വിതരണമെന്നതിൽ കെഎസ്ആർടിസി വലിയ പ്രതിസന്ധിയിലാണ്. ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി നടപടിയെടുത്ത് വിവാദത്തിലായിരുന്നു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ പാലായിലേക്കാണ് സ്ഥലംമാറ്റിയത്.
ശമ്പള രഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നെന്ന് ഉത്തരവിലുണ്ടായിരുന്നത്. നടപടി വിവാദമായതോടെ സ്ഥലം മാറ്റ ഉത്തരവ് പിന്നീട് മരവിപ്പിക്കുകയായിരുന്നു.