സിപിഎം പ്രവർത്തകൻ ആനാവൂർ നാരായണൻ വധക്കേസിലെ കുറ്റവാളിയെ കെഎസ്ആർടിസി പിരിച്ചുവിട്ടു

By Web TeamFirst Published Nov 28, 2022, 7:04 PM IST
Highlights

നാരായണൻ നായരുടെ മകനും എസ്എഫ്ഐ വെള്ളറട ഏരിയാ സെക്രട്ടറിയുമായിരുന്ന ശിവപ്രസാദിനെ വധിക്കാനുള്ള ഉദേശത്തോടെയാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചെത്തിയത്

തിരുവനന്തപുരം: സിപിഎം പ്രവർത്തകനായിരുന്ന ആനാവൂർ നാരായണൻ നായർ വധക്കേസിലെ കുറ്റവാളിയായ ജീവനക്കാരനെ കെഎസ്ആർടിസി സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലെ ഇൻസ്പെക്ടറായിരുന്ന കെഎഷ രാജേഷിനെയാണ് പിരിച്ചുവിട്ടത്. ഇയാൾ നാരായണൻ നായർ വധക്കേസിലെ ഒന്നാം പ്രതിയാണ്. കെഎസ്ആർടിസി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 

2013 നവംബർ അഞ്ചിന് രാത്രിയാണ് സിപിഎം പ്രവർത്തകനും തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനുമായിരുന്ന നാരായണൻ നായരെ ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തിയത്. നാരായണൻ നായരുടെ മകനും എസ്എഫ്ഐ വെള്ളറട ഏരിയാ സെക്രട്ടറിയുമായിരുന്ന ശിവപ്രസാദിനെ വധിക്കാനുള്ള ഉദേശത്തോടെയാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചെത്തിയത്. അക്രമികളെ തടയാൻ ശ്രമിച്ചപ്പോഴാണ്  നാരായണൻ നായരെ വെട്ടിക്കൊന്നത്.

കേസിൽ കെഎൽ രാജേഷ്, അനിൽ, പ്രസാദ് കുമാർ, ഗിരീഷ് കുമാർ, പ്രേംകുമാർ, അരുണ്‍കുമാർ, ബൈജു, അജയൻ, സജികുമാർ, ബിനുകുമാർ,ഗിരീഷ് എന്നിവരാണ് കുറ്റവാളികൾ. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനിൽ, നാലാം പ്രതി ഗിരീഷ് എന്നിവർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും കോടതി വിധിച്ചു. കേസിൽ  11 പ്രതികളും കുറ്റക്കാരരെന്ന് കണ്ടെത്തിയ ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് ശേഷമാണ് ബിഎംഎസ് അംഗീകൃത കെഎസ്ആർടിസി യൂണിയന്റെ സംസ്ഥാന സമ്മേളനം കെഎൽ രാജേഷിനെ വീണ്ടും യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കിയത്. മൂന്നാം പ്രതി പ്രസാദ്, അഞ്ചാം പ്രതി പ്രേം എന്നിവർക്ക് 50,000രൂപ പിഴയും കോടി വിധിച്ചു. പിഴത്തുക പ്രതികള്‍ നാരായണൻ നായരുടെ കുടുംബത്തിന് നൽകണമെന്നും കോടതി വിധിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ബിജെപി - ആർഎസ്എസ് നേതാക്കൾ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ചെങ്കണ്ണ് ബാധിച്ച് പ്രതികള്‍ക്ക് വൈദ്യ സഹായം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

click me!