
തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല മുൻഗണനയെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസിയുടെ സത്യവാങ്മൂലം. ജീവനക്കാർ കൃത്യമായി ജോലി ചെയ്യാത്തതാണ് ഉത്പാദന ക്ഷമത കുറയാൻ കാരണമെന്നും കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്നേ ശമ്പളം നൽകണമെന്ന സ്വകാര്യ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി ഇക്കാര്യം വ്യക്തമാക്കിയത്. പ്രഥമ പരിഗണന ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്നതിനാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും നിത്യചെലവിന് പണം തികയുന്നില്ല. 600 ബസുകൾ കട്ടപ്പുറത്താണ്. ഇവ നിരത്തിലിറക്കണമെങ്കിൽ ജീവനക്കാർക്ക് 12 മണിക്കൂർ ഡ്യൂട്ടി ഏർപ്പെടുത്തേണ്ട സാഹചര്യമാണ്. രക്ഷപ്പെടുത്താൻ പരിഷ്ക്കാരങ്ങൾ കൊണ്ടു വരുമ്പോൾ ജീവനക്കാർ എതിർക്കുകയാണെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചു. പരിഷ്കാരങ്ങൾ നടപ്പിലായാൽ ഒക്ടോബർ മാസത്തോടെ പ്രതിമാസം 200 കോടി രൂപ ടിക്കറ്റ് വരുമാനത്തിലൂടെ കണ്ടെത്താനാകുമെന്നും കെഎസ്ആർടിസി വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam