
കൽപ്പറ്റ: വിനോദ സഞ്ചാരികൾക്കായി കാനനപാതയിലൂടെ വന്യജീവി സഫാരി ഒരുക്കി കെഎസ്ആർടിസി. വയനാട് ബത്തേരി ഡിപ്പോയിൽ നിന്നാണ് വൈൽഡ് ലൈഫ് നൈറ്റ് ജംഗിൾ സഫാരിക്ക് തുടക്കമായത്. സംസ്ഥാനത്ത് ആദ്യമായാണ് കെഎസ്ആർടിസി നൈറ്റ് ജംഗിൾ സഫാരിക്ക് ഒരുക്കുന്നത്. വയനാട് വന്യജിവി സങ്കേതത്തിലൂടെയാണ് ആനവണ്ടിയുടെ രാത്രി യാത്ര.
സഞ്ചാരികൾക്ക് വേറിട്ട യാത്രാനുഭവം ഒരുക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം. സഞ്ചാരികളുമായി രാത്രി 8ന് ബത്തേരി ഡിപ്പോയിൽ നിന്ന് പുറപ്പെടും. മുത്തങ്ങയും വടക്കനാടും ഇരുളവും ഉൾപ്പടെ കറങ്ങും. രാത്രി പതിനൊന്നരയോടെ ബസ് ഡിപ്പോയിൽ തിരിച്ചെത്തും. ആനയും കടുവയും ഇറങ്ങുന്ന കാട്ടിലൂടെ അറുപത് കിലോമീറ്റർ ദൂരമാണ് സർവീസ് നടത്തുക. ഒരാൾക്ക് 300 രൂപയാണ് ഈ രാത്രിയാത്രയുടെ ടിക്കറ്റ് നിരക്ക്. രാത്രി യാത്രയ്ക്ക് നിയന്ത്രണമില്ലാത്ത, വന്യമൃഗങ്ങളെ ഏറ്റവുമടുത്ത് കാണാനാവുന്ന റൂട്ടിലൂടെയാണ് ജംഗിൾ സഫാരി.
ബത്തേരി ഡിപ്പോയിലെ സ്ലീപ്പർ ബസുകളിൽ മുറി ബുക്ക് ചെയ്യുന്ന സഞ്ചാരികളെയാണ് ആദ്യഘട്ടത്തിൽ നൈറ്റ് സഫാരിക്ക് കൊണ്ടുപോവുക. പ്രത്യേകം സജ്ജമാക്കിയ രണ്ട് ബസുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam