കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്‍, നിർമ്മാണ അനുമതി നൽകിയത് കോർപ്പറേഷൻ എതിർപ്പ് അവഗണിച്ച്

By Web TeamFirst Published Oct 11, 2021, 8:58 AM IST
Highlights

അന്നത്തെ ഗതാഗത മന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം യോഗം ചേർന്ന് സർക്കാറിന്‍റെ പ്രത്യേക അധികാരമുപയോഗിച്ച് കെട്ടിടത്തിന് അനുമതി നല്‍കുകയായിരുന്നു.

കോഴിക്കോട് : നഗരസഭയില്‍ നിന്നും പ്രാഥമിക അനുമതി പോലും നേടാതെ കെട്ടിട നിർമാണ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കോഴിക്കോട് കെഎസ്ആർടിസി ( ksrtc kozhikode ) ടെർമിനല്‍ നിർമിച്ചതെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ കോർപ്പറേഷന്‍ (Kozhikode corporation ) ചുമത്തിയ പിഴ പോലുമീടാക്കാതെ സർക്കാർ പ്രത്യേക അധികാരമുപയോഗിച്ചാണ് കെട്ടിടത്തിന് അനുമതി നല്‍കിയത്. 

2005 ലാണ് കോഴിക്കോട് കെഎസ്ആർടിസി ( ksrtc) ടെർമിനല്‍ നിർമാണം തുടങ്ങുന്നത്. നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്‍റെ പ്ലാന്‍ കോർപ്പറേഷനില്‍ സമർപ്പിച്ച് നിർമാണ അനുമതി നേടേണ്ടതുണ്ടെങ്കിലും ഈ കെട്ടിടത്തിന്‍റെ കാര്യത്തില്‍ അവിടം മുതല്‍ തുടങ്ങുന്നു ചട്ടലംഘനങ്ങൾ. 2015 ല്‍ നിർമാണം പൂർത്തിയായിട്ടും കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചത് കാരണം കോർപ്പറേഷന്‍ പെർമിറ്റ് നല്‍കിയില്ല. 1999ലെ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂൾസിലെ അഞ്ച് വ്യവസ്ഥകളാണ് കെട്ടിടം നിർമാണത്തില്‍ ലംഘിച്ചതായി കോർപ്പറേഷന്‍ കണ്ടെത്തിയത്. 

സ്ട്രക്ച്ചറല്‍ ഡിസൈൻ പാളി; കോഴിക്കോട് കെഎസ്ആർടിസി കോംപ്ലകസ് നിർമ്മാണത്തിൽ ഗുരുതര പിഴവുകളെന്ന് വിജിലൻസ്

കോർപ്പറേഷന്‍ കണ്ടെത്തിയ 5 ചട്ട ലംഘനങ്ങൾ
1, നിയമപ്രകാരം ആകെയുള്ള സ്ഥലത്ത് നി‍ർമിക്കാനാകുന്നതിനേക്കാൾ കൂടുതല്‍ അളവില്‍ കെട്ടിടം നിർമിച്ചു.
2, അടിയന്തിര സാഹചര്യം വന്നാല്‍ അഗ്നിരക്ഷാ ഉപകരണങ്ങളോ സംവിധാനങ്ങളോ കെട്ടിടത്തിനകത്തേക്ക് എത്തിക്കാന്‍ വേണ്ട വഴിയില്ല.
3, റോഡില്‍നിന്നും നിശ്ചിത അകലം വിട്ടല്ല കെട്ടിടം നിർമിച്ചത്.
4, വേണ്ടത്ര പാർക്കിംഗ് സൗകര്യങ്ങളില്ല. 
5, പുറത്തേക്കുള്ള വഴിക്ക് വേണ്ടത്ര വീതിയുമില്ല.

നിയമപ്രകാരം ആകെയുള്ള സ്ഥലത്ത് നി‍ർമിക്കാനാകുന്നതിനേക്കാൾ കൂടുതല്‍ അളവില്‍ കെട്ടിടം നിർമിച്ചു. അടിയന്തിര സാഹചര്യം വന്നാല്‍ അഗ്നിരക്ഷാ ഉപകരണങ്ങളോ സംവിധാനങ്ങളോ കെട്ടിടത്തിനകത്തേക്ക് എത്തിക്കാന്‍ വേണ്ട വഴിയില്ല. റോഡില്‍നിന്നും നിശ്ചിത അകലം വിട്ടല്ല കെട്ടിടം നിർമിച്ചത്. വേണ്ടത്ര പാർക്കിംഗ് സൗകര്യങ്ങളില്ല.  പുറത്തേക്കുള്ള വഴിക്ക് വേണ്ടത്ര വീതിയുമില്ല. ഇവയൊക്കെയായിരുന്നു കോർപ്പറേഷന്‍ ചൂണ്ടിക്കാണിച്ച 5 ചട്ടലംഘനങ്ങൾ, ഇതിന് പിഴയായി 12,82,19,877 രൂപ പിഴയും ചുമത്തി. ഇതിനിടെ പാർക്കിംഗ് സ്ഥലത്തെ അപാകത മാത്രം പരിഹരിച്ചെന്ന് കെഎസ്ആർടിസി അറിയിച്ചു. 

പിന്നീട് അന്നത്തെ ഗതാഗത മന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം യോഗം ചേർന്ന് സർക്കാറിന്‍റെ പ്രത്യേക അധികാരമുപയോഗിച്ച് കെട്ടിടത്തിന് അനുമതി നല്‍കുകയായിരുന്നു. മാത്രമല്ല തങ്ങളുടെ 25.30 സെന്‍റ് സ്ഥലം റോഡ് വികസനത്തിനായി സർക്കാറിലേക്ക് നല്‍കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചെന്ന കാരണം കാട്ടി പിഴ തുകയും ഒഴിവാക്കി നല്‍കിയെന്നും അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് കോഴിക്കോട് കോർപ്പറേഷന്‍ സെക്രട്ടറിക്ക് അയച്ച കത്തിലൂടെ വ്യക്തമാകുന്നു. ചുരുക്കത്തില്‍ അശാസ്ത്രീയവും നിയമവിരുദ്ദവുമായ നിർമാണത്തിന് അനുമതി നല്‍കാന്‍ പ്രത്യേക അധികാരമടക്കം ഉപയോഗിച്ച് അന്നത്തെ സർക്കാറും ഉന്നത ഉദ്യോഗസ്ഥരും കൂട്ടുനിന്നു. 

അശാസ്ത്രീയ നിർമാണത്തിനെതിരെ നേരത്തെ പരാതിയറിയിച്ച സിഐടിയു  ഉൾപ്പടെയുള്ള കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളും പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.

click me!