
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ വിന്‍റേജ് ബസ് തിരുവനന്തപുരത്ത് നിരത്തിലിറക്കി. എഴുപതുകളിൽ സർവീസ് നടത്തിയിരുന്ന ബസുകളുടെ രൂപത്തിലാണ് കിഴക്കേക്കോട്ട - കവടിയാർ - പേരൂർക്കട റൂട്ടിൽ ബസിറക്കിയത്. കെ എസ് ആർ ടി സി ആദ്യ സർവീസ് തുടങ്ങിയ കവടിയാർ കൊട്ടാരത്തിന് മുന്നിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. 2013 മോഡൽ ബസാണ് വിന്‍റേജ് രീതിയിൽ ബോഡി നിർമിച്ച് തയ്യാറാക്കിയത്. നിറവും ഡിസൈനുമെല്ലാം പഴയ ബസിന് സമാനമാണ്. തലസ്ഥാന വാസികൾക്ക് മികച്ച അനുഭവമാകും കെ എസ് ആർ ടി സിയുടെ വിന്‍റേജ് ബസ് എന്നാണ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടത്. പഴയ തലമുറക്ക് ഈ ബസ് കാണുമ്പോൾ വലിയ സന്തോഷമാകുമെന്നും അദ്ദേഹം വിവരിച്ചു. കെ എസ് ആർ ടി സിയുടെ പ്രതാപകാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ബസ്. പഴയ മോഡലാണെങ്കിലും ബസ് പുതുപുത്തനാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാര്‍ നേരത്തെ പ്രഖ്യാപിച്ച കെ എസ് ആർ ടി സിയുടെ ബിസിനസ് ക്ലാസ് ബസ് സര്‍വീസ് ഉടൻ സാധ്യമാകും. പാൻട്രി, ടോയ്‍ലറ്റ് സൗകര്യങ്ങളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ആയിരിക്കും സര്‍വീസ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാനാകും. ഈ മാസം 15 ഓടെ ബിസിനസ് ക്ലാസ് ബസ് എത്തുമെന്നാണ് മന്ത്രി കെ ബി ഗണേഷ്‍കുമാര്‍ പറയുന്നത്. എറണാകുളത്തെ നവീകരിച്ച കെ എസ് ആർ ടി സി ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രി പ്രഖ്യാപനം നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam