പൊല്ലാപ്പായി 'ആനവണ്ടി' പ്രേമികളുടെ ബസിന് മുകളിലെ യാത്ര; ആര്‍ടിഒ അന്വേഷണം തുടങ്ങി

By Web TeamFirst Published Apr 13, 2021, 12:35 AM IST
Highlights

ഞായറാഴ്ച രാവിലെയാണ് ആനവണ്ടി പ്രേമികള്‍ എന്ന കൂട്ടായ്മ ബത്തേരി ഡിപ്പോയില്‍ നിന്ന് രണ്ടു ബസുകള്‍ വാടകയ്ക്കെടുക്കുന്നത്. ബസ് ലഭിച്ചയുടന്‍ ഉടന്‍ ഡിപ്പോയില്‍ വെച്ചുതന്നെ ആഘോഷവും തുടങ്ങി. സര്‍വീസില്‍ ക്രമക്കേട് നടത്തിയതിന് ബത്തേരിയില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനെ ആദരിക്കലായിരുന്നു അദ്യചടങ്ങ്.

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കെഎസ്ആർടിസി ബസിന് മുകളില്‍ കയറി ഒരുസംഘം കിലോമീറ്ററുകളോളം സഞ്ചരിച്ച സംഭവത്തിൽ വയനാട് ആര്‍ടിഒ അന്വേഷണം തുടങ്ങി. വാടകയ്ക്ക് നല്‍കിയ ബസിന് മുകളില്‍ വാഹനപ്രേമികള്‍ കയറിയ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഞായറാഴ്ച രാവിലെയാണ് ആനവണ്ടി പ്രേമികള്‍ എന്ന കൂട്ടായ്മ ബത്തേരി ഡിപ്പോയില്‍ നിന്ന് രണ്ടു ബസുകള്‍ വാടകയ്ക്കെടുക്കുന്നത്. ബസ് ലഭിച്ചയുടന്‍ ഉടന്‍ ഡിപ്പോയില്‍ വെച്ചുതന്നെ ആഘോഷവും തുടങ്ങി. സര്‍വീസില്‍ ക്രമക്കേട് നടത്തിയതിന് ബത്തേരിയില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനെ ആദരിക്കലായിരുന്നു അദ്യചടങ്ങ്.

തുടര്‍ന്ന് ബസിന് മുകളില്‍ കയറി ആഘോഷം ആരംഭിച്ചു. ഡിപ്പോയ്ക്ക് സമീപം പെട്രോള്‍ പമ്പുണ്ടെന്ന കാര്യം പോലും മറന്ന് പടക്കം പൊട്ടിച്ചായിരുന്നു ആഘോഷം. ബത്തേരി മുതല്‍ കാരാപ്പുഴ വരെ 20 കിലോമീറ്ററോളം സ്ത്രീകളടക്കം വാഹനത്തിന് മുകളി‍ല്‍ കയറി സഞ്ചരിച്ചിട്ടും നടപടി ഒന്നുമുണ്ടായില്ല.

ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളി‍ല്‍ പ്രചരിച്ചതോടെ കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ജീവനക്കാര്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ബസിന് മുകളി‍ല്‍ കയറി സഞ്ചരിക്കുന്നത് നിയമവിരുദ്ധമാണെന്നും അന്വേഷണം തുടങ്ങിയതായും വയനാട് ആര്‍ടിഒ അറിയിച്ചു. 

click me!