
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകൾക്കെതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ . വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ തൊഴിലാളി യൂണിയനുകൾ അട്ടിമറിക്കുന്നു. കടത്തിൽ നിന്ന് കരകയാറാൻ ആവിഷ്കരിക്കുന്ന എല്ലാ പദ്ധതികളെയും എതിർക്കുക എന്നത് പൊതുരീതിയായെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. 2022 ൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണം നടക്കാത്തത് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികളിലാണ് കെഎസ്ആർടിസി യൂണിയനുകൾക്കെതിരെ നിലപാടെടുത്തത്.
പ്രതിവർഷം 1500 കോടി രൂപയുടെ നഷ്ടത്തിലാണ് കെഎസ്ആർടിസി പ്രവർത്തിക്കുന്നത്. പ്രതിമാസ വരുമാനം ശമ്പള വിതരണത്തിന് പോലും എത്തുന്നില്ല. വരുമാനം വർധിപ്പിക്കാനുള്ള നടപടികളെ ഒരുകൂട്ടം ജീവനക്കാരും തൊഴിലാളി യൂണിയനുകളും വിജയകരമായി അട്ടിമറിക്കുകയാണ്. മാനേജ്മെന്‍റ് കൊണ്ടുവരുന്ന എല്ലാ പദ്ധതികളെയും എതിർക്കുക എന്നത് പൊതുരീതിയായെന്നും കടത്തിൽ മുങ്ങുന്ന സ്ഥാപനത്തിന്‍റെ അവസ്ഥയെക്കുറിച്ച് ഇവർ ചിന്തിക്കുന്നില്ലെന്നും മാനേജ്മെന്‍റ് കുറ്റപ്പെടുത്തുന്നു.
2022 ജനുവരിക്ക് ശേഷം വിരമിച്ച 978 പേരിൽ 23 പേർക്കാണ് ആനുകൂല്യം നൽകിയത്. 50 കോടി രൂപയെങ്കിലുമില്ലാതെ ഇത് പൂർണ്ണമായി നൽകാനാകില്ല. സർക്കാരിനോട് സഹായം തേടിയെങ്കിലും അനുകൂല മറുപടിയുണ്ടായില്ല. 2023 മാർച്ച് മുതൽ സ്വന്തം നിലയിൽ വരുമാനം കണ്ടെത്താനാണ് സർക്കാർ പറയുന്നതെന്നും രണ്ട് വർഷം ഇല്ലാതെ ആനുകൂല്യവിതരണം പൂർണ്ണമായി നൽകാനാകില്ലെന്നും കെഎസ്ആർടിസി മാനേജ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ഇവരിൽ അച്ചടക്ക നടപടി നേരിട്ട 38 പേര് ഒഴികെയുള്ളവര്‍ക്ക് പെൻഷൻ നൽകുന്നുണ്ടെന്നും മാനേജ്മെന്‍റ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam