'വിദ്യാർത്ഥിയെ വഴിയിൽ ഇറക്കിവിട്ട വനിതാ കണ്ടക്ടറെ കണ്ടെത്താനായില്ല' തെളിവ് ലഭിച്ചാൽ നടപടിയെന്ന് കെഎസ്ആര്‍ടിസി

Published : Mar 24, 2023, 03:29 PM IST
'വിദ്യാർത്ഥിയെ  വഴിയിൽ ഇറക്കിവിട്ട വനിതാ കണ്ടക്ടറെ കണ്ടെത്താനായില്ല' തെളിവ് ലഭിച്ചാൽ നടപടിയെന്ന് കെഎസ്ആര്‍ടിസി

Synopsis

വിജിലൻസ് ഓഫീസർ കഴിഞ്ഞ ദിവസം കുട്ടിയെ നേരിട്ട് കണ്ടിട്ട് തെളിവെടുത്തിട്ടും, ആരോപണത്തിൽ ഉന്നയിക്കുന്ന പോലെ വനിതാ കണ്ടക്ടറെ തിരിച്ചറിയാനായിട്ടില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. 

തിരുവനന്തപുരം:കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിയെ വനിതാ കണ്ടക്ടർ പൊരിവെയിലത്ത് ഇറക്കിവിട്ടെന്ന തരത്തിൽ  പ്രചരിച്ച പരാതിയിൽ തെളിവ് ലഭിച്ചാൽ ഉടൻ തന്നെ നടപടിയെടുക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് ഓഫീസിർ നേരിട്ട് അന്വേഷണം നടത്തുകയാണ്. വിജിലൻസ് ഓഫീസർ കഴിഞ്ഞ ദിവസം കുട്ടിയെ നേരിട്ട് കണ്ടിട്ട് തെളിവെടുത്തിട്ടും ആരോപണത്തിൽ ഉന്നയിക്കുന്ന പോലെ വനിതാ കണ്ടക്ടറെ തിരിച്ചറിയാനായിട്ടില്ല. ആ സമയം 5 ഓളം വനിതാ കണ്ടക്ടർമാരാണ് അത് വഴിയുള്ള ബസുകളിൽ ഡ്യൂട്ടി ചെയ്തിരുന്നത്.

സാധാരണ പരാതി ഉള്ളവർ ബസ് നമ്പരോ- സമയമോ- റൂട്ടോ എന്നിവയുടെ വിശദമായ വിവരങ്ങൾ നൽകുന്ന അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചിരുന്നത്. ഈ സംഭവത്തിൽ ഈക്കാര്യങ്ങൾ ഒന്നും കുട്ടിയുടെ ഭാ​ഗത്ത് നിന്നും ലഭിച്ചിട്ടില്ല. കൂടാതെ വിദ്യാർത്ഥിയുടെ പരീക്ഷ വെള്ളിയാഴ്ച കഴിയും. അതിന് ശേഷം വിദ്യാർത്ഥിയുടെ സമയം കൂടെ പരി​ഗണിച്ച് വിജിലൻസ് ഓഫീസർ ഒന്ന് കൂടെ നേരിട്ട് വിദ്യാർത്ഥിയുമായി സംഭവ സ്ഥലം സന്ദർശിച്ച് കൂടുതൽ തെളിവുകൾ സ്വീകരിക്കും. കൂടാതെ സംഭവ സമയത്ത് യാത്ര ചെയ്തിരുന്ന യാത്രക്കാർക്ക് ആർക്കെങ്കിലും ഈക്കാര്യത്തിൽ കൂടുതൽ തെളിവുണ്ടെങ്കിൽ കെഎസ്ആർടിസി സിഎംഡിയേയോ, ഉദ്യോ​ഗസ്ഥരേയോ അറിയിക്കണമെന്നും സിഎംഡി അറിയിച്ചു.

പൊതുജനങ്ങളോടെയോ, വിദ്യാർത്ഥികളോടെയോ ഇങ്ങനെ അപമര്യാദയായി ഏതെങ്കിലും കണ്ടക്ടർമാർ പെരുമാറിയാൽ അവരെ കെഎസ്ആർടിസി സംരക്ഷിക്കുകയില്ല. ഇങ്ങനെ  വാർത്തകൾ ഉണ്ടായാൽ ഉടൻ തന്നെ നടപടിയെടുക്കാറുണ്ട്. എന്നാൽ നിയമം അനുസരിച്ച് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും, കുറ്റാരോപിതരുടെ മൊഴി കൂടി കേട്ടതിന് ശേഷം മാത്രമേ നടപടിയെടുക്കാനാകുകയുള്ളൂ.  അല്ലാത്ത പക്ഷം കോടതിയിൽ ആക്കാര്യത്തിൽ ചോദ്യം ചെയ്യപ്പെടുകയും ചിലപ്പോൾ കോടതി മറിച്ച് കുറ്റാരോപിതരുടെ ഭാ​ഗം കേട്ടില്ലെന്ന് കാട്ടി ഉത്തരവ് പോലും പിൻവലിക്കാനുള്ള സാഹചര്യവും നിലവിലുണ്ട്. അതിനാൽ മറ്റുള്ളവർ പ്രതീക്ഷിക്കും പോലെ ഉടനടി നടപടി സ്വീകരിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ട്. എന്നാൽ ചെയ്ത കാര്യം തെറ്റാണെന്ന് കണ്ടാൽ ഉടൻ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സിഎംഡി ഉറപ്പ് നൽകി

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം