
തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനാണ് തീരുമാനം. പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ചും കനത്ത നഷ്ടത്തെക്കുറിച്ചും ഈ സമിതി വിശദമായി പഠിക്കും. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി ഈ മാസം 13 -ാം തീയതി സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ പ്രത്യേക ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതോടെ വരുമാന നഷ്ടം ഉണ്ടാകുന്നു എന്നാരോപിച്ച് സ്വകാര്യ ബസ് ഉടമകൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പണിമുടക്കും മാർച്ചും നടത്തിയിരുന്നു. പ്രിയദർശിനി പദ്ധതി വന്നതോടെ വരുമാനം കുത്തനെ കുറഞ്ഞു എന്നാണ് ബസ് ഉടമകളുടെ പരാതി. ഇന്ധന വിലയിലെ വർദ്ധനവ് കൂടി വന്നതോടെ പിടിച്ച് നിൽക്കാൻ കഴിയുന്നില്ല എന്നും ഉടമകൾ പറയുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ പ്രത്യേക ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam