'ആ തീരുമാനം സക്സസ്, 2 ജില്ലകളിൽ ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം'; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി

Published : Mar 04, 2024, 12:53 PM IST
'ആ തീരുമാനം സക്സസ്, 2 ജില്ലകളിൽ ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം'; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി

Synopsis

യാത്രക്കാർ കുറവുള്ള സർവീസുകൾ ഒഴിവാക്കി തിരക്കേറിയ സമയത്ത് കൂടുതൽ സർവീസ് നടത്തിയാണ് റൂട്ട് റാഷണലൈസേഷൻ നടപ്പാക്കിയത്

തിരുവനന്തപുരം: റൂട്ട് റാഷണലൈസേഷന്‍റെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് കെഎസ്ആർടിസി. കൊല്ലം ജില്ലയിൽ 1,90,542 രൂപയും പത്തനംതിട്ട  ജില്ലയിൽ 1,75,804 രൂപയുമാണ് റൂട്ട് റാഷണലൈസേഷനിലൂടെ ഒരു ദിവസം മാത്രം ലാഭിക്കാൻ കഴിഞ്ഞതെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാർ കുറവുള്ള സർവീസുകൾ ഒഴിവാക്കി തിരക്കേറിയ സമയത്ത് കൂടുതൽ സർവീസ് നടത്തിയാണ് റൂട്ട് റാഷണലൈസേഷൻ നടപ്പാക്കിയത്. ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒരു ദിവസത്തെ ചെലവിൽ ലാഭിക്കാൻ കഴിഞ്ഞത് 3.66 ലക്ഷം രൂപയാണെന്ന് കെഎസ്ആർടിസി അവകാശപ്പെട്ടു.  

ഗണേഷ് കുമാർ ഗതാഗത വകുപ്പ് മന്ത്രിയായ ശേഷം തിരുവനന്തപുരം ജില്ലയിലാണ് ആദ്യമായി റൂട്ട് റാഷണലൈസേഷൻ നടപ്പാക്കിയത്. തിരുവനന്തപുരത്തെ 30 ദിവസത്തെ ലാഭം 98,94,930 ആണ്. അതേസമയം കൊല്ലത്തും പത്തനംതിട്ടയും ഒരു ദിവസത്തെ ചെലവിൽ ലാഭിച്ചത് 3,66,347 രൂപയാണ്. 12,796 കിലോമീറ്റർ ആണ് കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മാത്രം ഡെഡ് കിലോമീറ്റർ ആയി കണ്ടെത്തിയത്. ഇത്രയും ഡെഡ് കിലോമീറ്റർ ഒഴിവാക്കുന്നതിലൂടെ 3311.45 ലിറ്റർ ഡീസൽ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ലാഭിക്കാം. കൂടാതെ ഒരു കിലോമീറ്ററിന് 4 രൂപ സ്പെയർപാർട്സിനും മെറ്റീരിയലുകൾക്കുമായി അനുബന്ധ ചെലവുകളുമുണ്ട്.  അതിലൂടെ 51,182 രൂപ ലാഭിക്കാൻ കഴിയും. പ്രതിദിന ലാഭം 3,66,347 രൂപ എന്നത് ഒരു മാസത്തേക്ക് കണക്കാക്കിയാൽ ആകെ ലാഭം 1,09,90,410 രൂപയാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല എന്നീ നാല് ക്ലസ്റ്ററുകളിലായുള്ള 16 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെഎസ്ആർടിസി ചെയർമാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് എന്നിവരുമായും മന്ത്രി ചർച്ച നടത്തിയാണ് രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതെന്ന് കെഎസ്ആർടിസി അറിയിച്ചു. അതേസമയം ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിലും മലയോര, ആദിവാസി, തോട്ടം തൊഴിലാളി, തീരദേശ, കോളനി മേഖലകളിലേക്കും ഓപ്പറേറ്റ് ചെയ്യുന്ന ഒരു സർവീസ് പോലും റദ്ദാക്കിയിട്ടില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി. എല്ലാ ജില്ലകളിലും റൂട്ട് റാഷണലൈസേഷൻ പൂർത്തിയാകുന്നതോടെ വലിയ ലാഭമുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്