തീരാത്ത പ്രതിസന്ധി: ‍ഡീസൽ ക്ഷാമം തുടരുന്നു, കെഎസ്ആർടിസിയിൽ ഇന്നും സർവീസ് മുടങ്ങും

By Web TeamFirst Published Aug 8, 2022, 5:27 AM IST
Highlights

യാത്രാക്ലേശം അനുഭവപ്പെടുന്ന റൂട്ടുകൾ കണ്ടെത്തിയും, തിരക്ക് അനുസരിച്ച് സർവീസുകൾ ക്രമീകരിച്ചുമാകും ബസുകൾ ഓടിക്കുക

തിരുവനന്തപുരം : ഡീസൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കെ എസ് ആർ ടി സിയിൽ ഇന്നും സർവീസുകൾ മുടങ്ങും.തുടർച്ചയായ നാലാം ദിവസമാണ് ഡീസൽ ക്ഷാമം കെ എസ് ആർ ടി സിയെ വലയ്ക്കുന്നത്. ഇന്ന് പ്രവൃത്തി ദിനമായതിനാൽ ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാൻ പരമാവധി ബസുകൾ നിരത്തിലിറക്കുമെന്നാണ് കെ എസ് ആർ ടി സി പറയുന്നത്. കിലോമീറ്ററിന് 35 രൂപക്ക് മുകളിൽ വരുമാനം കിട്ടുന്ന ട്രിപ്പുകൾ റദ്ദാക്കില്ല.

 

യാത്രാക്ലേശം അനുഭവപ്പെടുന്ന റൂട്ടുകൾ കണ്ടെത്തിയും, തിരക്ക് അനുസരിച്ച് സർവീസുകൾ ക്രമീകരിച്ചുമാകും ബസുകൾ ഓടിക്കുക. ഇന്നത്തെ കളക്ഷനിൽ നിന്നും ഒരു കോടി രൂപ ഡീസലിനായി മാറ്റിവെക്കാനും മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്താകെ ആയിരത്തോളം സർവീസുകൾ റദാക്കിയിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി മറ്റന്നാൾ കെ എസ് ആർ ടി സി യുടെ അക്കൗണ്ടിലെത്തുമെന്നാണ് പ്രതീക്ഷ

കെ എസ് ആർ ടി സിയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും ജൂലൈ മാസത്തെ ശമ്പളം നൽകുന്നതിനുമായി 123 കോടി രൂപ കെ എസ് ആർ ടി സി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കെ എസ് ആ‍ർ ടി സിയിലെ ഇന്ധന പ്രതിസന്ധിയിൽ ഇന്നും വല‌ഞ്ഞത് അധികവും സാധാരണക്കാരായ മലയോര നിവാസികളാണ്. കണ്ണൂരിലും മാനന്തവാടിയിലും ഓർഡിസറി ബസ്സ് സ‍ർവീസ് പൂ‍ർണമായി  നിലച്ചു. പാലക്കാട് ജില്ലയിൽ അട്ടപ്പാടിയിലേക്കും കൊല്ലത്തെ മലയോര മേഖലകളിലേക്കും വളരെ കുറച്ച് സർവീസുകൾ മാത്രമാണ് കെ എസ് ആർ ടി സി നടത്തിയത്.
 
കോഴിക്കോട് വേണ്ടെന്ന് വെച്ച സർവീസുകൾ അധികവും വയനാട് ജില്ലയിലേക്കുള്ളതായിരുന്നു. കണ്ണൂരിൽ നിന്ന് ഇന്നലെ വെറും ഒൻപത് ദീർഘദൂര ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. സാധാരണ 45 ദീ‍ർഘദൂര ബസ്സുകളാണ് കണ്ണൂരിൽ നിന്ന് സർവീസ് നടത്താറുള്ളത്. ഇന്നലെത്തെ കളക്ഷൻ തുക ഉപയോഗിച്ച് ഡീസലടിച്ചും സ‍ർവീസുകൾ ക്ലബ് ചെയ്തും മറ്റിടങ്ങളിൽ കാര്യമായ പ്രശ്നങ്ങളില്ലാതെ കൊണ്ടുപോകാൻ കെ എസ് ആർ ടി സിക്ക് കഴിഞ്ഞു. 

അതേസമയം ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ കെ എസ് ആർ ടി സിക്ക് 20 കോടി രൂപ നൽകിയിരുന്നെങ്കിലും ഈ പണം കൈയ്യിൽ കിട്ടാൻ തന്നെ വരുന്ന ബുധനാഴ്ചയാകും. അത് കിട്ടിയാലേ പ്രശ്ന പരിഹാരം താത്കാലികമായെങ്കിലും സാധ്യമാകൂ. ഓണം അടുത്ത സാഹചര്യത്തിൽ ജൂലൈ മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുകയെന്ന വലിയ വെല്ലുവിളിയും മാനേജ്മെന്റിന് മുന്നിൽ ഉണ്ട്. ഇതിനാലാണ് സംസ്ഥാന സ‍ർക്കാരിനോട് 123 കോടി രൂപ കൂടി ആവശ്യപ്പെട്ട് കെഎസ്ആ‍ർടിസി മാനേജ്മെന്റ് കത്ത് നൽകിയത്. 

tags
click me!