
കൊച്ചി: കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രകാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്തു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മുല്ലശ്ശേരി കനാൽ നവീകരണം ഉൾപ്പടെയുള്ള പദ്ധതികൾ പൂര്‍ത്തിയാക്കാന്‍ മേയർ എം അനിൽ കുമാർ ഇറിഗേഷൻവകുപ്പിന് നിര്‍ദേശം നല്‍കി.
മുല്ലശേരി കനാല്‍ റോഡുപണി ആരംഭിച്ചതായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു. കമ്മട്ടിപ്പാടം ബണ്ട് മഴ തീരുന്ന മുറയ്ക്ക് പൂര്‍ത്തിയാക്കും. ഹൈക്കോടതി ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ജോലികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. മഴവെള്ളം മംഗളവനത്തിലൂടെ ഒഴുക്കി വിടാനാണ് പദ്ധതി. റെയില്‍വേയുടെ അധീനതയിലുള്ള 34 കലുങ്കുകളില്‍ മാലിന്യം വൃത്തിയാക്കാനുള്ള ഉത്തരവാദിത്വം റെയില്‍വേയ്ക്കാണെന്ന് മേയര്‍ വ്യക്തമാക്കി.
റെയില്‍വേ ലൈന്‍ കടന്നുപോകുന്ന കലുങ്കുകളില്‍ പുറമേ നിന്നുള്ളവര്‍ വൃത്തിയാക്കുമ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള തകരാറുകളോ അപകടങ്ങളോ സംഭവിച്ചാല്‍ ആര് ഉത്തരവാദിത്വം വഹിക്കുമെന്ന് മേയര്‍ ചോദിച്ചു. കലുങ്ക് വൃത്തിയാക്കുന്നത് സംബന്ധിച്ച് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും റെയില്‍വേ പ്രതിനിധി അറിയിച്ചു.
പി ആന്റ് ടി കോളനിയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച മുണ്ടന്‍വേലിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സബ്കമ്മിറ്റിയെ നിയോഗിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ടും എസ്റ്റിമേറ്റും ജില്ലാ കളക്ടര്‍ക്കു നല്‍കുന്നതിനും ജില്ലാ കളക്ടര്‍ അംഗീകാരം നല്‍കുന്ന മുറയ്ക്ക് കോര്‍പറേഷന്‍ ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് പണി നടത്തുന്നതിനും തീരുമാനക്കണമെന്ന് എംഎൽഎ ടി ജെ വിനോദ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ കൗൺസിൽ ചർച്ച നടത്തി ക്രിയാത്മകമായ തീരുമാനം എടുക്കാമെന്ന് മേയർ അറിയിച്ചു. കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡിനുള്ളില്‍ വെള്ളം കയറി ഉണ്ടാകുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാന്‍ഡിനുള്ളിലെ തറനിരപ്പ് രണ്ടടി ഉയര്‍ത്താന്‍ പദ്ധതി ആയിട്ടുണ്ട്. ഇതിനായി 58 ലക്ഷം രൂപ എം എല്‍ എ ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെന്ന് ടി ജെ വിനോദ് എംഎല്‍എ അറിയിച്ചു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിഹാസമായി മാറിയെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ മുമ്പ് നിയമസഭയില്‍ പറഞ്ഞിരുന്നു. യോഗത്തില്‍ പൊതുമരാമത്ത്, സ്മാര്‍ട്ട് സിറ്റി, പൊലീസ്, മെട്രോ റെയില്‍, റവന്യൂ, റെയില്‍വേ, കെ എസ് ആര്‍ ടിസി ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam