KSRTC : കെഎസ്ആർടിസിയിൽ ശമ്പളത്തർക്കം, പ്രതിസന്ധിക്കിടെ യൂണിയനുകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച

By Web TeamFirst Published Apr 25, 2022, 9:43 AM IST
Highlights

എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന ആവശ്യമാണ് ജീവനക്കാർ മുന്നോട്ട് വെക്കുന്നത്. മെയ് 5ന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കില്‍ മെയ് 6ന് പണിമുടക്കിലേക്ക് പോകുമെന്നും പ്രതിപക്ഷ സംഘടനകൾ ആവർത്തിക്കുന്നു. 

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിക്കിടെ, കെഎസ്ആർടിസി (KSRTC)യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച നടക്കുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന ആവശ്യമാണ് ജീവനക്കാർ മുന്നോട്ട് വെക്കുന്നത്. മെയ് 5ന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കില്‍ മെയ് 6ന് പണിമുടക്കിലേക്ക് പോകുമെന്നും പ്രതിപക്ഷ സംഘടനകൾ ആവർത്തിക്കുന്നു. 

എന്നാൽ അതേ സമയം, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ആവർത്തിക്കുകയാണ് മന്ത്രി. ഈ സാഹചര്യത്തിൽ ഇന്നത്തെ ചർച്ച ഏറെ നിർണായകമാണ്. എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആൻറണി രാജുവിന്റെ പരാമർശം.

ശമ്പളം കൊടുക്കേണ്ടത് കെഎസ്ആർടിസി മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സ‍ർക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കെ എസ് ആർടിസിക്കുള്ള സർക്കാരിന്റെ സഹായങ്ങൾ തുടരുമെന്നും അറിയിച്ചു. പരാമർശം ചർച്ചയായതോടെ, മന്ത്രി പറഞ്ഞത് സര്‍ക്കാരിന്‍റെ കൂട്ടായ തീരുമാനമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്ഥിരീകരിച്ചു. ഇതോടെ ഇന്നത്തെ നിർണായക ചർച്ചയിൽ എന്ത് തീരുമാനമാകുമെന്നാണ് ഉറ്റുനോക്കുന്നത്. 

കെഎസ്ആ‍ര്‍ടിസി സ്വിഫ്റ്റിന് പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയുടെ വരുമാനം

വിവാദങ്ങള്‍ക്കിടയിലും കെ സ്വിഫ്റ്റ് (Best Collection For KSRTC Swift)  മികച്ച വരുമാനവുമായ് കുതിക്കുന്നു. 30  ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് തുടങ്ങിയതെങ്കിലും ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപ വരുമാനം നേടി. പുതിയ ബസ്സുകളും റൂട്ടും ലഭിക്കുന്നതോടെ വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം കെഎസ്ആര്‍ടിയുടെ റൂട്ടുകള്‍ കെ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരെ യൂണിയനുകള്‍ രംഗത്തെത്തി.

ഉദ്ഘാടന സര്‍വ്വീസ് മുതല്‍ ഇതുവരെ ഒരു ഡസനോളം ചെറിയ അപകടങ്ങള്‍. പുത്തന്‍ ബസ്സുകള്‍ക്ക് പലതിനും ഇതിൽ കേടുപാടുകൾ പറ്റി. പരിചയക്കുറവുള്ള താത്കാലിക  ജീവനക്കാരെ നിയമിച്ചുവെന്നുള്ള ആക്ഷേപം. ഇതിനെല്ലാമിടയിലും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് യാത്രക്കാരെ ആകര്‍ഷിച്ച് മുന്നേറുകയാണ്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസ്സുകളില്‍ 100 എണ്ണത്തിന്‍റെ രജിസ്ട്രേഷന്‍ ഇതിനകം പൂര്‍ത്തിയായി. റൂട്ടും പെര്‍മിറ്റും ലഭിച്ച് 30 ബസ്സുകളാണ് ഇതുവരെ സര്‍വീസിനിറങ്ങിയത്.

ഈ മാസം പതിനൊന്നിനാരംഭിച്ച കെ സ്വിഫ്റ്റ് 10 ദിവസം പിന്നിടുമ്പോള്‍ 61 ലക്ഷം രൂപ വരുമാനം നേടി കഴിഞ്ഞു. പ്രതിദിനം ശരാശരി 6 ലക്ഷം രൂപയിലധികം വരുമാനമാണ് കമ്പനിക്കുള്ളത്. എട്ട് എസി സ്ളീപ്പര്‍ ബസ്സുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഇരുപത്തിയെട്ട് ലക്ഷത്തി നാലായിരത്തി നാനൂറ്റിമൂന്ന് രൂപ. പെര്‍മിറ്റ് ലഭിക്കുന്നതിനുസരിച്ച് 100 ബസ്സുകളും ഉടന്‍ സര്‍വ്വീസിനിറക്കും. ഇതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കിഫ്ബി സഹായത്തോടെ 310 സിഎന്‍ജി ബസ്സുകളും 50 ഇലക്ട്രിക് ബസ്സുകളും ഉടന്‍ കെ സ്വിഫ്റ്റിന്‍റെ ഭാഗമാകും. 

click me!