
ആലപ്പുഴ: കായംകുളത്ത് യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയമര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കത്തിനശിച്ചത്. ബസിന് കാലപ്പഴക്കമുണ്ടെന്ന് സംശയമുണ്ടെന്നും കെഎസ്ആര്‍ടിസിയിലെ പഴയ മുഴുവൻ ബസുകളും മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് ജോലികളിള്‍ ചെയ്യുന്ന മെക്കാനിക്കല്‍ ജീവനക്കാരെ പഴയ സ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. സൈലൻസറിന്‍റെ ഭാഗത്തു നിന്നാണ് ആദ്യം പുക കണ്ടതെന്ന് ആലപ്പുഴ ഡിടിഒ അശോക് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യാത്രക്കാർ ഉടൻ ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഉടൻ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ ഇറക്കുകയായാിരുന്നു. ഇലക്ടറിക് തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ബസ് കരുനാഗപ്പള്ളി നിന്ന് തൊപ്പുംപടിക്കു പോകുകയായിരുന്നുവെന്നും അശോക് കുമാര്‍ പറഞ്ഞു.
ആദ്യം കരിഞ്ഞ മണം വന്നുവെന്നും തൊട്ടുപിന്നാലെ പുക ബസിന് അകത്തേക്ക് വന്നതോടെ വാഹനം നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നുവെന്നും കണ്ടക്ടര്‍ സേതു പറഞ്ഞു. ബസില്‍ 44 യാത്രക്കാരാണുണ്ടായിരുന്നത്. ചെറിയ തോതിൽ ഡീസൽ ചോർച്ച ഉണ്ടായിട്ടുണ്ടെന്നും ഡ്രൈവര്‍ സജീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീ പിടുത്തതിന് ശേഷമാണോ മുമ്പാണോ ഉണ്ടായതെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്തു യാത്രക്കിടെ കത്തി നശിച്ച കെഎസ്ആര്‍ടിസി ബസ് കെട്ടിവലിച്ചു മാവേലിക്കര ഡിപ്പോയിലേക്കു മാറ്റി. രണ്ടു ബസുകള്‍ ചേര്‍ത്തുവെച്ചപോലെയാണ് വെസ്റ്റിബ്യൂള്‍ ബസിന്‍റെ ഘടന. 17 മീറ്റര്‍ നീളമുള്ള ബസില്‍ 60 സീറ്റുകളാണുള്ളത്. ബസിനുള്ളില്‍ വശങ്ങളിലായി രണ്ടു സീറ്റുകള്‍ വീതമാണുള്ളത്. കൂടുതല്‍പേര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ട്രെയിനിലെ പോലെ ഒരു കംപാർട്ട്മെന്‍റില്‍ നിന്ന് അടുത്തതിലേക്ക് പോകാൻ ഇടനാഴിയും ബസിൽ സജ്ജമാക്കിയിട്ടുണ്ട്. ഒരു ബസിനു പിന്നിൽ മറ്റൊരു ബസിന്‍റെ കണക്ട് ചെയ്തിട്ടിരിക്കുന്ന രീതിയിലാണ് ഈ ബസ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, പിന്നില്‍ കണക്ട് ചെയ്ത ഭാഗത്തിന് കൂടുതല്‍ നീളമില്ല. ഒരു ബസില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് സുഖകരമായി യാത്ര ചെയ്യാമെന്നതാണ് വെസ്റ്റിബ്യൂള്‍ ബസിന്‍റെ പ്രത്യേകത.
ഇന്ന് രാവിലെ എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്. യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബസിൽ നിന്ന് മണം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തി ഉടൻതന്നെ യാത്രക്കാരെ പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ബസ്സിൽ തീ ആളിപ്പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറയുന്നു. ഡ്രൈവരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam