അവിനാശി അപകടത്തില്‍ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് ആംബുലന്‍സ് തുക കൈമാറും, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

By Web TeamFirst Published Feb 27, 2020, 11:27 AM IST
Highlights

അതേസമയം അവിനാശി അപകടത്തിൽ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് സർക്കാരോ, കെഎസ്ആര്‍ടിസിയോ നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധവുമായി കെഎസ്ആ‌ർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടന രംഗത്തെത്തി.

കൊച്ചി: അവിനാശി അപകടത്തിൽ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവർ ബൈജുവിന്‍റെ മൃതദേഹം എത്തിച്ച ആംബുലൻസ് തുക കുടുംബത്തിന് ഇന്ന് തന്നെ കൈമാറും. കെഎസ്ആര്‍ടിസി സോണൽ മാനേജർക്ക് മന്ത്രി എകെ ശശീന്ദ്രൻ ഇതിനുള്ള നിർദ്ദേശം നൽകി. മൃതദേഹം എത്തിക്കുന്നതിന് ചെലവായ 12,000 രൂപ കുടുംബാംഗങ്ങളായിരുന്നു നൽകിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. 

അതേസമയം അവിനാശി അപകടത്തിൽ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് സർക്കാരോ, കെഎസ്ആര്‍ടിസിയോ നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധവുമായി കെഎസ്ആ‌ർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടന രംഗത്തെത്തി. ഇൻഷുറൻസ് തുക സർക്കാർ ധനസഹായമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. ആശ്രിതനിയമനം പുനഃസ്ഥാപിച്ച് അപകടത്തിൽ മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകണമെന്ന ആവശ്യവും ശക്തമാണ്. 

സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു അവിനാശിയിലേത്. 19 ജീവനുകളാണ് പൊലിഞ്ഞത് . എന്നാൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരു രൂപ പോലും സർക്കാരിന്‍റെയോ, കെഎസ്ആർടിസിയുടെയോ ധനസഹായമില്ല. സഹായമായി ഇൻഷുറൻസ് തുക മാത്രം. അപകടത്തിൽ മരിച്ച കെഎസ്ആർടിസി ജീവനക്കാരായ വി ആർ ബൈജുവിന്‍റെയും,വി ഡി ഗിരീഷിന്‍റെയും ആശ്രിതർക്ക് മുപ്പത് ലക്ഷം രൂപ നൽകുമെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം. ടിക്കറ്റ് സെസ് ഇൻഷുറൻസിലൂടെയുള്ള പത്ത് ലക്ഷം രൂപ. സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷുറൻസ് വഴി ലഭിക്കുന്ന 10ലക്ഷവും, എസ്ബിഐ അക്കൗണ്ട് ഉടമകൾക്കുള്ള ഇൻഷുറൻസ് പദ്ധതി വഴിയുള്ള മറ്റൊരു പത്ത് ലക്ഷവും. എന്നാല്‍ സര്‍ക്കാര്‍ സഹായം കിട്ടിയില്ല. 

ഇതിനിടെ അവിനാശി അപകടത്തില്‍ മരിച്ച തൃശൂര്‍ ജില്ലയിലെ 7 യാത്രക്കാരുടെ കുടുംബാംഗങ്ങള്‍ക്കുളള ഇൻഷുറൻസ് തുക കൈമാറി. കെഎസ്ആര്‍ടിയുടെ ടിക്കറ്റ് സെസ് ഇൻഷുറൻസിലൂടെയുളള 10 ലക്ഷം രൂപ വീതമാണ് ഓരോ കുടുംബത്തിനും ലഭിക്കുന്നത്.
 

click me!