സർവ്വകലാശാല പരീക്ഷ കൺട്രോളർ എം.വി ജയരാജനുമായി ചർച്ച നടത്തിയതിനെതിരെ പരാതിയുമായി കെ.എസ്.യു

By Web TeamFirst Published Apr 27, 2022, 5:09 PM IST
Highlights

കണ്ണൂർ സർവ്വകലാശാലയുടെ പരീക്ഷകളിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തെ തുടർന്ന് രാജിക്കൊരുങ്ങിയ പരീക്ഷ കൺട്രോളർ ഡോ.പി.ജെ.വിൻസെൻ്റ് പാർട്ടി തീരുമാനത്തെ തുടർന്ന് രാജി പിൻവലിച്ചിരുന്നു.

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലാ പരീക്ഷാ കൺട്രോളർ പി.ജെ വിൻസെന്റ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പോയി പാർട്ടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് ഗവർണ്ണർക്ക് പരാതി നൽകി. (KSU against the meeting of Kannur University Exam controller with MV Jayarajan)

സർവ്വകലാശാലയിൽ പാർട്ടി ഭരണമാണ് നടക്കുന്നതെന്നും തീരുമാനങ്ങൾ എടുക്കുന്നത് ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറി ആണെന്നും ഇത് സർവ്വകലാശാലയുടെ വിശ്വാസ്യത തകർക്കുന്നതാണെന്നും കണ്ട്രോളാറുടെ നടപടി ചട്ടവിരുദ്ധമാണെന്നും ചൂണ്ടികാട്ടിയാണ്  ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയത്.

കണ്ണൂർ സർവ്വകലാശാലയുടെ പരീക്ഷകളിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തെ തുടർന്ന് രാജിക്കൊരുങ്ങിയ പരീക്ഷ കൺട്രോളർ ഡോ.പി.ജെ.വിൻസെൻ്റ് പാർട്ടി തീരുമാനത്തെ തുടർന്ന് രാജി പിൻവലിച്ചിരുന്നു. പദവിയിൽ നിന്നും രാജി വയ്ക്കേണ്ടതില്ലെന്നും അവധിയിൽ പോയാൽ മതിയെന്നും പി.ജെ.വിൻസെൻ്റിന് പാർട്ടി നിർദ്ദേശം നൽകിയിരുന്നു. ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ പരീക്ഷ കൺട്രോളർക്ക് വീഴ്ചയില്ലെന്നും ധാർമിക ഉത്തരവാദിത്തമാണെങ്കിൽ അത് ഗവർണർക്കുമില്ലേയെന്നും സിപിഎം ജില്ല സെക്രട്ടറി എംവി  ജയരാജൻ നേരത്തെ ചോദിച്ചിരുന്നു.

വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണ് കണ്ണൂർ സർവ്വകലാശാല പരീക്ഷ കൺട്രോളർ പി.ജെ.വിൻസെൻ്റ്  പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിലെത്തി എം.വി.ജയരാജനുമായി നേരിട്ട് സംസാരിച്ചതിനെ തുടർന്നാണ് രാജി വെക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് പാർട്ടി നേതൃത്വം എത്തിയത്. തൽക്കാലം ലീവെടുത്ത് പോകാനാണ് പി ജെ വിൻസെൻ്റിന് പാർട്ടി നൽകിയ നിർദ്ദേശം. ഒരു ഉദ്യോഗസ്ഥൻ ചെയ്ത കുറ്റത്തിന് പരീക്ഷ കൺട്രോളർ ധാർമിക ഉത്തര വാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ധാർമിക ഉത്തരവാദിത്തമാണെങ്കിൽ ബോർഡ് ഓഫ് സ്റ്റഡീസിനെ അടക്കം നിയമിക്കുന്ന ഗവർണർക്കും അതില്ലേയെന്നും ജയരാജൻ ചോദിക്കുന്നു.

അതേ സമയം ജയരാജൻ സൂപ്പർ വി സി ചമയുകയാണെന്നും പരീക്ഷ കൺട്രോളർക്ക് ശമ്പളം കൊടുക്കുന്നതല്ലെന്നും കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് പറഞ്ഞു. ഏപ്രിൽ 21, 22 തിയ്യതികളിൽ നടന്ന സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷകളുടെയും 21 ന് നടന്ന ബോട്ടണി, ഫിലോസഫി പരീക്ഷകളുടെയും ചോദ്യപേപ്പർ കഴിഞ്ഞ തവണത്തെ ചോദ്യ പേപ്പറുകളുടെ ആവർത്തനമായതോടെയാണ് ഉത്തരവാദിത്തം യുണിവേഴ്സിറ്റി ഏറ്റെടുത്തേ മതിയാകൂ എന്ന തരത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചത്. ഇതിന് പിന്നാലെ പരീക്ഷ കൺട്രോളർ പി.ജെ.വിൻസെൻ്റ് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.
 

click me!